ഭീകരരുമായി ഏറ്റുമുട്ടല്‍, ജമ്മു കാശ്മീരില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു


ജമ്മു കാശ്‌മീരിലെ രജൗരി ജില്ലയില്‍ വനപ്രദേശത്ത് ഗുഹയില്‍ ഒളിച്ചിരുന്ന ഭീകരരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു.
ഒരാള്‍ക്ക് പരിക്കേറ്റു.
ഏപ്രില്‍ 20ന് പൂഞ്ചിലെ ടോട്ട ഗലിയില്‍ സൈനിക വാഹനം ആക്രമിച്ച് അഞ്ച് സൈനികരെ കൊലപ്പെടുത്തിയ ഭീകരരെ ലക്ഷ്യമിട്ടുള്ള ഒാപ്പറേഷന്‍ ത്രിനേത്രയുടെ ഭാഗമാണ് സൈന്യം ഗുഹ വളഞ്ഞത്. ഒാപ്പറേഷന്റെ ഭാഗമായി രജൗരിയില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കി.
പൂഞ്ചിലെ ആക്രമണത്തില്‍ പങ്കുള്ള ഭീകരര്‍ ഗുഹയില്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരുന്നു. രാവിലെ 7.30ന് സൈന്യവും ജമ്മുകാശ്മീര്‍ പൊലീസും ഗുഹ വളഞ്ഞു. രക്ഷപ്പെടില്ലെന്ന് മനസിലായ ഭീകരര്‍ എറിഞ്ഞ സ്‌ഫോടക വസ്‌തു പൊട്ടിത്തെറിച്ചാണ് സൈനികര്‍ക്ക് അപായമുണ്ടായത്. രണ്ട് സൈനികര്‍ സ്ഥലത്തു തന്നെ കൊല്ലപ്പെടുകയും ഒരു ഒാഫീസര്‍ അടക്കം നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയിലാണ് മൂന്ന് ജവാന്‍മാര്‍ മരിച്ചത്.