പൂർണമായും സ്ത്രീലിം​ഗ പദത്തിലെഴുതിയ രാജ്യത്തെ ആദ്യ ബില്ല് പാസാക്കി കേരളം

single-img
22 March 2023

ഉപയോഗിച്ചിട്ടുള്ള വാക്കുകൾ പൂർണമായും സ്ത്രീലിം​ഗ പദത്തിലെഴുതിയ രാജ്യത്തെ ആദ്യ ബില്ല് പാസാക്കി കേരളം. ‘2023 ലെ കേരള പൊതുജനാരോഗ്യ ആക്ട്’ എന്ന ബില്ലാണ് സ്ത്രീലിം​ഗ പദത്തിലെഴുതിയ ബില്ല്. സംസ്ഥാനത്തെ വിവിധ സംഘടനകളുടേയും ആരോ​ഗ്യ വിദ​ഗ്ധരുടേയും, ജനപ്രതിനിധികളുടേയും, പൊതുജനങ്ങളുടേയും അഭിപ്രായങ്ങൾ ശേഖരിച്ച ശേഷമാണ് ബിൽ കൊണ്ടുവന്നത്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഭ ബിൽ പാസാക്കിയത്. ഇന്ത്യയിൽ എല്ലാ നിയമങ്ങളും പുല്ലിംഗത്തിലാണുളളത്. എന്നാല്‍ ഈ ബില്ലിൽ സ്ത്രീ ലിം​ഗമാണ് പ്രയോ​ഗിച്ചിട്ടുളളത്. എല്ലാ ലിംഗക്കാരും സ്ത്രീലിംഗപദത്തില്‍ ഉള്‍പ്പെടുമെന്നത് കൊണ്ടാണ് അങ്ങനെ വിശേഷിപ്പിച്ചതെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

പുതിയ നിയമ പ്രകാരം ‘ഉദ്യോ​ഗസ്ഥൻ’ (പുരുഷ ഉദ്യോഗസ്ഥനെ വിവരിക്കുന്നതിനുള്ള സർവ്വനാമം) എന്ന് ഉപയോ​ഗിക്കുന്നതിന് പകരം ഓഫീസറെ സൂചിപ്പിക്കുന്നതിന് ‘ഉദ്യോ​ഗസ്ഥ’ (മലയാളത്തിലെ ഉദ്യോഗസ്ഥന്റെ സ്ത്രീലിംഗം) എന്ന പദവും ഉപയോഗിക്കും. കാലാവസ്ഥ വ്യതിയാനത്തിന്റേയും മൃ​ഗങ്ങളുമായുളള മനുഷ്യന്റെ ഇടപെടലിന്റേയും ഭാ​ഗമായി ഉയർന്നു വരുന്ന പുതിയ രോ​ഗാണുക്കളേയും വൈറസുകളേയും, പകർച്ചവ്യാധികളേയും ചെറുക്കേണ്ടതിന്റെ ആവശ്യകതയും, ജീവിത ശൈലി രോ​ഗങ്ങൾ തടയുന്നതിന്റെ ആവശ്യകതയും കണക്കിലെടുത്ത് ആണ് ബില്ല് പാസാക്കിയത്.

ഇതോടൊപ്പം തന്നെ പ്രായമായവർ, ഭിന്നശേഷിക്കാർ, കിടപ്പിലായ രോഗികൾ, സ്‌ത്രീകൾ, കുട്ടികൾ, അതിഥി തൊഴിലാളികൾ, പ്രത്യേക ചികിത്സ ആവശ്യമുള്ളവർ എന്നിവരെ കണക്കിലെടുത്താണ് ബിൽ തയാറാക്കിയിരിക്കുന്നതെന്ന് ആരോ​ഗ്യ മന്ത്രിയുടെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.