ദില്ലിയില്‍ വൃദ്ധ സദനത്തിൽ തീപ്പിടുത്തം; രണ്ട് പേര്‍ മരിച്ചു

single-img
2 January 2023

ഗ്രേറ്റര്‍ കൈലാഷ്: ദില്ലിയില്‍ വൃദ്ധ സദനത്തിലുണ്ടായ തീപ്പിടുത്തത്തില്‍ രണ്ട് പേര്‍ മരിച്ചു. ഗ്രേറ്റര്‍ കൈലാഷ് മേഖലയിലെ സ്ഥാപനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചേകാലിനാണ് തീപ്പിടുത്തമുണ്ടായത്.

മരിച്ചവര്‍ രണ്ടുപേരും സ്ത്രീകളാണ്. 13 പേരെ രക്ഷപ്പെടുത്തി. ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. തീപ്പിടുത്തമുണ്ടാകാനുള്ള കാരണം കണ്ടെത്താന്‍ ഫോറന്‍സിക് സംഘം കെട്ടിടത്തല് പരിശോധന നടത്തി. ദില്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

അന്താര കെയര്‍ ഹോം ഫോര്‍ സീനിയേഴ്സ് എന്ന സ്ഥാപനത്തിലാണ് അഗ്നിബാധയുണ്ടായത്. സ്ഥാപനത്തിന്‍റെ മൂന്നാം നിലയിലാണ് തീ പടര്‍ന്നത്. അഗ്നി ശമന സേനയുടെ അഞ്ച് വാഹനങ്ങള്‍ എത്തി മണിക്കൂറുകള്‍ ശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമായത്. പരിക്കേറ്റവരെ സാകേതിലെ മാക്സ് ആശുപത്രിയിലും ഓഖ്ലയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മൂന്നാം നിലയിലുണ്ടായിരുന്നരണ്ട് പേരാണ് മരിച്ചത്.

ഇവരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്നാണ് സ്ഥാപനം വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കുന്നത്. സംഭവത്തില്‍ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാല്‍ ദില്ലി പൊലീസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.

അഗ്നിബാധയില്‍ സ്ഥാപനത്തിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിന്‍റെ വലിയൊരു ഭാഗവും അഗ്നിക്കിരയായി. രക്ഷപ്പെടുത്തിയ അന്തേവാസികള്‍ക്കും സ്ഥാപനത്തിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സഹായികള്‍ക്കും ആവശ്യമായ ചികിത്സ ലഭ്യമാക്കിയതായി അന്താര കെയര്‍ ഹോം ഫോര്‍ സീനിയേഴ്സ് വിശദമാക്കി.