സാമ്പത്തിക സംവരണകേസ്; സുപ്രീംകോടതി ഇന്ന് വിധി പറയും

single-img
7 November 2022

സാമ്പത്തിക സംവരണകേസിൽ സുപ്രീം കോടതി ഇന്ന് വിധി പറയും. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്താണ് ഹർജികൾ എത്തിയത്. എസ്എൻഡിപി, ഡിഎംകെ എന്നിവയടക്കം വിവിധ പിന്നോക്ക സംഘടനകൾ ആണ് കോടതിയെ സമീപിച്ചത്.

സാമ്പത്തികം അടിസ്ഥാനമാക്കി സംവരണം ഉള്‍പ്പടെ പ്രത്യേക വകുപ്പുകള്‍ സൃഷ്ടിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കുന്ന 103-ാം ഭേദഗതി, ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകര്‍ക്കുന്നതാണെന്നാണ് ഹർജിക്കാർ മുന്നോട്ട് വച്ച പ്രധാനവാദം.

സാമ്പത്തികാവസ്ഥ സംവരണത്തിന് മാനദണ്ഡമാക്കാൻ കഴിയില്ലെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ ഭരണഘടനാ ബെഞ്ച് വിധി ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 50 ശതമാനം സംവരണമെന്ന അടിസ്ഥാന സംവരണ തത്വത്തെ വെല്ലുവിളിക്കുന്നുവെന്നും അവർ വാദിച്ചു. 50 ശതമാനം സംവരണത്തെ ബാധിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. സെപ്റ്റംബർ 27-നായിരുന്നു ഏഴ് ദിവസം നീണ്ട വാദം കേൾക്കൽ അവസാനിച്ചത്. തുടർന്ന് വിധി പ്രസ്താവനയ്ക്കായി മാറ്റിവെക്കുകയായിരുന്നു.