ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് 10000 രൂപ ധനസഹായം നൽകും: മന്ത്രി മുഹമ്മദ് റിയാസ്
ഇന്ന് വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഉണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഉരുൾപൊട്ടൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് 10000 രൂപ ധനസഹായം നല്‍കുമെന്നും വാടക ഉൾപ്പെടെ മറ്റൊരു വാസസ്ഥലം സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു .
ഇതിലേക്കായി ഇതിനോടകം 125 വാടകവീടുകൾ തയാറായി. വായ്പ, പലിശ പിരിവ് എന്നിവ കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. ബിഹാറിന് സമാനമായ സഹായം ലഭിക്കണം. 2000 കോടിയുടെ പുനർനിർമാണ പാക്കേജ് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു .
നാളെ ദുരന്ത പ്രദേശം സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് മണിക്കൂർ ഇവിടെ തങ്ങും. ബെയ്ലി പാലം വരെ പ്രധാനമന്ത്രി പോകും. ആശുപത്രിയും ക്യാമ്പും സന്ദർശിക്കും. പ്രദേശത്തെ തിരച്ചിൽ തുടരുമെന്നും അത് എത്ര ദിവസമെന്ന് ഇപ്പോൾ കണക്കാക്കിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഞായറാഴ്ച ജനകീയ തിരിച്ചിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.