ലോകത്തിന്റെ ആരോഗ്യ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് ധനമന്ത്രി 

single-img
3 February 2023

തിരുവനന്തപുരം: ലോകത്തിന്റെ ആരോഗ്യ ഹബ്ബായി കേരളത്തെ മാറ്റുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പൊതുജനാരോഗ്യത്തിന് 2828.33 കോടി രൂപ വകയിരുത്തി.

ആയുര്‍വേദ, സിദ്ധ, യുനാനി മേഖലയ്ക്ക് 49 കോടി രൂപയാണ് നീക്കിവെച്ചത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി 17 കോടി വകയിരുത്തി. ഗ്രാമീണ ആരോഗ്യ ഇന്‍ഷുറന്‍സിന് 50 കോടി. കാരുണ്യ മിഷന് 574 കോടി രൂവയും നീക്കിവെച്ചു. തെരുവുനായ ശല്യം രൂക്ഷമായ കേരളത്തില്‍ പേ വിഷത്തിനെതിരെ തദ്ദേശീയമായി വാക്‌സീന്‍ വികസിപ്പിക്കുമെന്ന് ധനമന്ത്രി ബാലഗോപാല്‍ പറഞ്ഞു.

തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ആയിരിക്കും ഓറല്‍ റാബിസ് വാക്‌സീന്‍ വികസിപ്പിക്കുക. ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു.

പോസ്റ്റ് കോവിഡ് ചികിത്സയ്ക്കായി അഞ്ചു കോടി രൂപ വകയിരുത്തി. പകര്‍ച്ചവ്യാധി നിയന്ത്രണത്തിനായി 11 കോടി നീക്കിവെച്ചു. കുട്ടികളിലെ പ്രമേഹരോഗ പ്രതിരോധത്തിനുള്ള മിഠായി പദ്ധതിയ്ക്ക് 3.8 കോടി വകയിരുത്തി. തലശ്ശേരി ജനറല്‍ ആശുപത്രി മാറ്റി സ്ഥാപിക്കും. കൊച്ചി കാന്‍സര്‍ സെന്റര്‍ നിര്‍മ്മാണത്തിനായി 14.5 കോടി വകയിരുത്തിയതായും ധനമന്ത്രി അറിയിച്ചു.