കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച

single-img
21 April 2023

തിരുവനന്തപുരം: വെള്ളനാട് കിണറ്റില്‍ വീണ കരടി ചത്ത സംഭവത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ട്.

മുങ്ങാന്‍ സാധ്യതയുള്ള ജീവികളെ മയക്കുവെടിവെയ്ക്കരുതെന്ന നിര്‍ദേശം പാലിക്കപ്പെട്ടില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. പ്രതികൂല സാഹചര്യമുണ്ടായാല്‍ മറുമരുന്ന് ഉപയോഗിക്കാമെന്ന നിര്‍ദേശവും ലംഘിക്കപ്പെട്ടു. ഇന്നലെ രാവിലെ 11മണിയോടെയാണ് കിണറ്റില്‍ വീണ കരടി ചത്തത്. വെള്ളത്തില്‍ മുങ്ങിയതാണ് കരടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

കരടിയെ രക്ഷിക്കുന്നതില്‍ മാനദണ്ഡം കൃത്യമായി പാലിക്കാതിരുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കിണറിലെ ആഴം എത്രയാണ് എന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ ശ്രമിച്ചില്ല. വീട്ടുകാരോടും നാട്ടുകാരോടും ചോദിച്ചാല്‍ കിണറ്റിലെ വെള്ളത്തിന്റെ ആഴം അറിയാന്‍ സാധിക്കും. ഇത് അറിയാന്‍ ശ്രമിച്ചില്ല..

ഇത് അറിയാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ കിണറ്റിലെ വെള്ളം വറ്റിച്ച്‌ കരടിയെ പുറത്ത് എടുക്കാമായിരുന്നു. വല ഉപയോഗിച്ച്‌ മുകളിലേക്ക് കയറ്റുന്നതിലും വീഴ്ച സംഭവിച്ചതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടി ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. മുങ്ങാന്‍ സാധ്യതയുള്ള ജീവികള്‍, ഉയരത്തില്‍ നിന്ന് താഴേക്ക് പതിക്കാന്‍ സാധ്യതയുള്ള ജീവികള്‍, നദിക്കരക്ക് സമീപത്തായുള്ള ജീവികള്‍ എന്നിവയെ മയക്കുവെടി വയ്ക്കരുതെന്നാണ് വനംവകുപ്പിന്റെ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍.

വെള്ളനാട് ഇത് പാടേ ലംഘിക്കപ്പെട്ടതായാണ് കണ്ടെത്തല്‍. മയക്കുവെടിയേറ്റ് അസ്വസ്ഥനാകുന്ന കരടി അനങ്ങുമ്ബോള്‍ വല നീങ്ങാനോ, കിണറ്റിലെ വെള്ളത്തിലേക്ക് പതിക്കാനോ ഉള്ള സാധ്യതകള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂട്ടി കാണാനായില്ല. മയക്കുവെടി ഏല്‍ക്കുന്ന ജീവി, അപകസാഹചര്യത്തിലേക്ക് നീങ്ങിയാല്‍ ആന്റി ഡോട്ട്, അഥവാ മറുമരുന്ന് പ്രയോഗിക്കാം. വെള്ളനാട് അത് ഉണ്ടായില്ല. അപകസാധ്യയില്ലാതെ, കിണറ്റില്‍ കിടക്കുന്ന കരടിയെ ധൃതിപ്പിടിച്ച്‌ വെടിവയ്ക്കേണ്ടിയിരുന്നില്ലെന്നും വിമര്‍ശനമുണ്ട്.