കേരളത്തിൽ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാർ; ഇവരെ കൊണ്ട് ഒന്നും നടക്കില്ല: കെ സുരേന്ദ്രന്‍

single-img
20 February 2024

വയനാട് ജില്ലയിലെ വന്യജീവി സംഘര്‍ഷത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തുള്ളത് എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണെന്നും ഇവരെ കൊണ്ട് ഒന്നും നടക്കില്ലെന്നും കെ സുരേന്ദ്രന്‍ വിമര്‍ശിച്ചു. മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.

വയനാട് ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനംമന്ത്രി പരാജയപ്പെട്ടെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ളോഹയിട്ടവര്‍ പ്രകോപനമുണ്ടാക്കിയെന്ന വയനാട് ജില്ല പ്രസിഡന്റിന്റെ പ്രസ്താവന പാര്‍ട്ടി നയമല്ലെന്നും ജില്ല പ്രസിഡന്റിനോട് പ്രസ്താവന തിരുത്തണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നുള്ള ബിജെപി സാധ്യതകളെ കുറുച്ചും കെ സുരേന്ദ്രന്‍ വ്യക്തമാക്കി. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഏഴ് സീറ്റുകളില്‍ ബിജെപി ജയിക്കും. വയനാട്ടിലും കോഴിക്കോടും മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് സാധിക്കും. കേരളത്തില്‍ മോദി തരംഗമുണ്ടാകും. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.