എക്സിറ്റ് പോളുകൾ തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഭാഗം: മമത ബാനർജി

single-img
30 April 2026

ബംഗാളിൽ ബിജെപി വിജയിക്കുമെന്ന് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ തൃണമൂൽ പ്രവർത്തകരുടെ മനോവീര്യം തകർക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. പ്രവചനങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞ അവർ, തൃണമൂൽ കോൺഗ്രസ് കുറഞ്ഞത് 226 സീറ്റുകൾ നേടുമെന്നും അത് 230 വരെ ഉയർന്നേക്കാമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

സംസ്ഥാനത്ത് രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന പോളിംഗ് ശതമാനമായ 92.47 ജനവിധിയുടെ ആഴം വ്യക്തമാക്കുന്നുണ്ടെന്നും ബാലറ്റിലൂടെ ജനങ്ങൾ ശരിയായ മറുപടി നൽകുമെന്നും അവർ കൊൽക്കത്തയിൽ പറഞ്ഞു.

വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളിൽ വലിയ വ്യത്യാസങ്ങളാണ് പ്രകടമാകുന്നത്. മാട്രിസ്, പി-മാർക്ക്, പോൾ ഡയറി തുടങ്ങിയ ഏജൻസികൾ ബിജെപിക്ക് 140 മുതൽ 175 വരെ സീറ്റുകൾ പ്രവചിക്കുമ്പോൾ, പീപ്പിൾസ് പൾസ് തൃണമൂലിന് 177-187 സീറ്റുകളോടെ വ്യക്തമായ ഭൂരിപക്ഷം നൽകുന്നു.

ചാണക്യ സ്ട്രാറ്റജീസ് ബിജെപിക്ക് നേരിയ മേൽക്കൈ പ്രവചിക്കുമ്പോൾ മറ്റ് ചില സർവെകൾ ഇരു പാർട്ടികളും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു. തൃണമൂൽ കോൺഗ്രസിന് 120 മുതൽ 140 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് ഭൂരിഭാഗം പോളുകളും പ്രവചിക്കുന്നത്.