കോണ്‍ഗ്രസില്‍ ചേർന്നു; എവറസ്റ്റ് പര്‍വ്വതാരോഹകയെ മധ്യപ്രദേശ് ബിജെപി സര്‍ക്കാർ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി

single-img
18 May 2023

കോൺഗ്രസ് പാർട്ടിയിൽ ചേര്‍ന്നതിന് പിന്നാലെ എവറസ്റ്റ് പര്‍വ്വതാരോഹക മേഘ പാര്‍മറിനെ മധ്യപ്രദേശിലെ ബിജെപി സര്‍ക്കാർ ഗവണ്മെന്റ് പദ്ധതികളുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് നീക്കി. ഈ മാസം ഒന്‍പതിനാണ് മേഘ പാര്‍മര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

അടുത്ത ദിവസം തന്നെ സംസ്ഥാനത്തിന്റെ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്ന് മേഘയെ സർക്കാർ നീക്കിയിരുന്നു. പിന്നാലെ ബുധനാഴ്ച സംസ്ഥാന ക്ഷീര സഹകരണ ഫെഡറേഷന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്ത് നിന്നും മേഘയെ പുറത്താക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് സഹകരണ ഫെഡറേഷന്റെ സാഞ്ചി ബ്രാന്‍ഡിന്റെ അംബാസിഡറായി മേഘ പാര്‍മറിനെ നിയമിക്കുന്നത്. ഇതിലെ കരാര്‍ മെയ് 15 ഓടെ അവസാനിച്ചെന്ന് കാണിച്ച് ഫെഡറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മേഘയ്ക്ക് കത്തയയ്ക്കുകയായിരുന്നു.

ഈ മാസം പത്തിനാണ് ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ എല്ലാ അംബാസിഡര്‍മാരെയും സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചത്.

എന്നാൽ വിഷയത്തില്‍ പ്രതികരണവുമായി മേഘ പാര്‍മര്‍ രംഗത്തെത്തി. മൂന്ന് വര്‍ഷത്തെ കരാറാണ് താനുമായി ഉണ്ടായിരുന്നതെന്നും ക്ഷീര കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയും ബ്രാന്‍ഡിന്റെ പ്രചാരണത്തിനായും ക്ഷീര കര്‍ഷക ഫെഡറേഷനുമായി താന്‍ പ്രവര്‍ത്തിച്ച് വരികയായിരുന്നുവെന്നും മേഘ പറഞ്ഞു. ജൂണില്‍ പുതിയ പദ്ധതി ആരംഭിക്കാനിരിക്കെയാണ് കരാര്‍ റദ്ദാക്കിയതെന്നും മേഘ കൂട്ടിച്ചേര്‍ത്തു..