ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സര്‍ക്കാരിനെ പറ്റിച്ചില്ലെന്നും എറണാകുളത്തെ വൃക്കരോഗി

single-img
24 February 2023

ദുരിതാശ്വാസ നിധി തട്ടിപ്പ് നടത്തിയിട്ടില്ലെന്നും സര്‍ക്കാരിനെ പറ്റിച്ചില്ലെന്നും എറണാകുളത്തെ വൃക്കരോഗി.

വൃക്ക മാറ്റിവയ്ക്കലിനടക്കം വേണ്ടത് 20 ലക്ഷം രൂപ വേണമെന്നും മുഹമ്മദ് ഹനീഫ ഏഷ്യാനെറ്റ് ന്യൂസിനോട്. അപേക്ഷ നല്‍കിയത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍്റെ ഓഫീസ് മുഖേനയാണ്. ഇപ്പോള്‍ വാര്‍ധക്യ പെന്‍ഷന്‍ മാത്രമാണ് വരുമാനം. സമ്ബന്നനായ വിദേശി എന്ന കണ്ടെത്തലിലാണ് വിജിലന്‍സ് പട്ടികയില്‍ മുഹമ്മദ് ഹനീഫ ഉള്‍പ്പെട്ടത്. മൂന്ന് മക്കള്‍ വിദേശത്തുള്ളത് ചൂണ്ടിക്കാട്ടിയാണ് പണം തട്ടിച്ചവരുടെ പട്ടികയില്‍പ്പെടുത്തിയത്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് വിജിലന്‍സ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും തുക തട്ടിച്ചവരുടെ പട്ടികയിലാണ് വടക്കന്‍ പറവൂര്‍ സ്വദേശി 65കാരനായ മുഹമ്മദ് ഹനീഫ. വിജിലന്‍സ് വാര്‍ത്താക്കുറിപ്പ് പ്രകാരം വിദേശത്തുള്ള ജോലിയാണ് അനര്‍ഹതക്ക് കാരണം. സ്വന്തം നമ്ബര്‍ തന്നെയാണ് ഹനീഫ നല്‍കിയത്. ഇപ്പോള്‍ ജോലി ചെയ്യുന്നുമില്ല. വൃക്കകള്‍ തകരാറിലായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നു. വിജിലന്‍സുമായി ബന്ധപ്പെട്ടപ്പോള്‍ മൂന്ന് ആണ്‍മക്കളുടെ വിദേശ ജോലിയാണ് ഹനീഫക്ക് എതിരായ റിപ്പോര്‍ട്ടിന് കാരണം.

ബുധനാഴ്ച വൈകിട്ടോടെയാണ് നടപടിക്രമം പൂര്‍ത്തിയായി ഹനീഫക്ക് 45,000 രൂപ കിട്ടുന്നത്.സ്ഥലം എംഎല്‍എ കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീഷന്‍റെ ഓഫീസ് കൂടി അറിഞ്ഞാണ് അപേക്ഷ നല്‍കിയത്. വാര്‍ധക്യ പെന്‍ഷന്‍ അടക്കം മൂവായിരം രൂപയാണ് രേഖാമൂലം മാസവരുമാനം. ചികിത്സാ രേഖകള്‍ എല്ലാം നല്‍കി. വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കും മുന്നെ പണമെത്തി. നടപടി ക്രമങ്ങള്‍ പ്രകാരം ഇത് തെറ്റാണെങ്കില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് കണ്ട് ബോധ്യപ്പെടാതെ എന്തിന് സര്‍ക്കാര്‍ പണം അനുവദിച്ചു എന്ന ചോദ്യം സിഎംഡിആര്‍എഫിന് നേര്‍ക്ക് തന്നെ ഉയരുന്ന ചോദ്യമാണ്. വടക്കന്‍ പറവൂരിലെ അടക്കം കേസുകളില്‍ വിശദമായ പരിശോധനക്ക് ഒരുങ്ങുകയാണ് വിജിലന്‍സ്.