ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാൻ സാധ്യത; വൈദ്യുതിബോര്‍ഡ് അപേക്ഷ സമർപ്പിച്ചു

single-img
19 February 2023

ഏപ്രില്‍ ഒന്ന് മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷന് മുമ്ബാകെ വൈദ്യുതിബോര്‍ഡ് സമര്‍പ്പിച്ചു.

അടുത്ത 4 വര്‍ഷത്തെക്കുള്ള നിരക്കാണ് ബോര്‍ഡ് സമര്‍പ്പിച്ചത്. 2023-24 വര്‍ഷത്തേക്ക് യൂണിറ്റിന് 40 പൈസയും 2024-25ല്‍ 36 പൈസയും 2025-26ല്‍ 13 പൈസയും 2026-27ല്‍ ഒരു പൈസയും വര്‍ധിപ്പിക്കണമെന്നാണ് ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍ നിരക്ക് നേരെ വര്‍ധിപ്പിക്കില്ല. കമ്മിഷന്റെ ഹിയറിങ്ങിനു ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക.

അതേസമയം ഈ വര്‍ഷം വൈദ്യുതിബോര്‍ഡിന് 2,939 കോടി രൂപ റവന്യൂകമ്മി ഉണ്ടാവുമെന്ന് കമ്മിഷന്‍ നേരത്തേ അംഗീകരിച്ചിട്ടുള്ളതിനാല്‍ താരിഫ് വര്‍ധനയ്ക്ക് കമ്മിഷന്‍ തടസം നില്‍ക്കാനിടയില്ല. കഴിഞ്ഞ ജൂണില്‍ 26 ന് നിലവില്‍ വന്ന നിരക്ക് വര്‍ധനയുടെ കാലാവധി മാര്‍ച്ച്‌ 31ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിരക്ക് സംബന്ധിച്ച നിര്‍ദേശം ബോര്‍ഡ് സമര്‍പ്പിച്ചത്. ചുരുങ്ങിയസമയത്തില്‍ ഹിയറിങ് നടത്തി വര്‍ധനനിരക്കില്‍ കമ്മിഷന്‍ തീരുമാനമെടുത്താല്‍ ഏപ്രിലില്‍ നിരക്കുവര്‍ധനയുണ്ടാവും.