ശവ്വാൽ പിറ കണ്ടു, കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ

single-img
19 March 2026

സംസ്ഥാനത്ത് ശവ്വാൽ മാസപ്പിറവി ദൃശ്യമായി. ഇതോടെ കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ മാസപ്പിറവി ദൃശ്യമായതായി വിശ്വസനീയമായ വിവരം ലഭിച്ചതായി പാണക്കാട് സയ്യിദ് അലി ശിഹാബ് തങ്ങൾ അറിയിച്ചു. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ, സയ്യിദ് ഇബ്റാഹീം ഖലീലുൽ ബുഖാരി, സുഹൈബ് മൗലവി എന്നിവരും മാസപ്പിറവി കണ്ടതായി അറിയിച്ചു.

ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേൽക്കുന്നത്. വിശ്വാസികൾ ഇനി ആഘോഷത്തിൻ്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളിൽ നാളെ രാവിലെ പെരുന്നാൾ നിസ്കാരം നടക്കും.


ഗാസ ഉൾപ്പെടെയുള്ള ലോകത്തെ വിവിധ ഭാഗങ്ങളിലെ മുസ്ലീം ജനത അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഗണിച്ച് പ്രാർഥനാനിർഭരമായി വേണം പെരുന്നാൾ ആഘോഷിക്കാനെന്ന് നേതാക്കൾ ആഹ്വാനം ചെയ്തു.

പെരുന്നാൾ വെള്ളിയാഴ്ച ആയതിനാൽ പെരുന്നാൾ നിസ്കാരവും ജുമാ നിസ്കാരവും വിശ്വാസികൾ നിർവഹിക്കണമെന്നും നേതാക്കൾ ഓർമപ്പെടുത്തി. അതേസമയം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്.