92 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആദ്യ വിജയം; ന്യൂസിലൻഡിനെ വീഴ്ത്തി ഈജിപ്റ്റ്

single-img
22 June 2026

ഈജിപ്റ്റ് ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഗ്രൂപ്പ് ജി പോരാട്ടത്തിൽ ന്യൂസിലൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് അവർ ഈ ചരിത്രനേട്ടം കുറിച്ചത്.ജയത്തോടെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്ന ഈജിപ്റ്റ് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. ഗ്രൂപ്പ് ജിയിൽ ഇത്തവണ ആദ്യ ജയം സ്വന്തമാക്കുന്ന ടീമും ഈജിപ്റ്റ് തന്നെയാണ്.

1934 മുതൽ ലോകകപ്പ് കളിക്കുന്ന ഈജിപ്റ്റിന് ലോകകപ്പ് വേദിയിൽ ഒരു മത്സരം ജയിക്കാൻ നീണ്ട 92 വത്സരങ്ങളാണ് കാത്തിരിക്കേണ്ടി വന്നത്. മുസ്തഫ സികോ, മുഹമ്മദ് സല, മഹ്‌മൂദ് ട്രെസഗെ എന്നിവരാണ് ഈജിപ്റ്റിനായി വല ചലിപ്പിച്ചത്.മത്സരത്തിന്റെ തുടക്കം മുതൽ ഇരുഭാഗത്തുനിന്നും കനത്ത ആക്രമണ പ്രത്യാക്രമണങ്ങളാണ് ഉണ്ടായത്. പതിനഞ്ചാം മിനിറ്റിൽ ടിം പൈനെ എടുത്ത കോർണർ ഒരു ബുള്ളറ്റ് ഹെഡറിലൂടെ വലയിലാക്കി ഫിൻ സർമാൻ ന്യൂസിലൻഡിന് ലീഡ് സമ്മാനിച്ചു. തുടർന്ന് ഗോൾ മടക്കാൻ ഈജിപ്റ്റും ലീഡ് ഉയർത്താൻ ന്യൂസിലൻഡും കഠിനമായി ശ്രമിച്ചെങ്കിലും ഒന്നാം പകുതിയിൽ ന്യൂസിലൻഡ് ലീഡുമായി പിരിഞ്ഞു.

രണ്ടാം പകുതിയിൽ പന്തിൻമേൽ കൂടുതൽ നിയന്ത്രണം സ്ഥാപിക്കുക എന്ന തന്ത്രവുമായാണ് ഈജിപ്റ്റ് ഇറങ്ങിയത്. അത് പൂർണ്ണമായും വിജയിക്കുകയും ചെയ്തു. അൻപത്തിയെട്ടാം മിനിറ്റിൽ മുഹമ്മദ് ഹാനി ബോക്‌സിലേക്ക് നൽകിയ ലോങ് ബോൾ മിന്നും ഹെഡറിലൂടെ വലയിലാക്കി മുസ്തഫ സിക്കോ ഈജിപ്റ്റിന് സമനില സമ്മാനിച്ചു.

അറുപത്തിയേഴാം മിനിറ്റിൽ സിക്കോയുമൊത്തുള്ള വൺ-ടു മുന്നേറ്റത്തിനൊടുവിൽ സൂപ്പർ താരം മുഹമ്മദ് സല ടീമിന് രണ്ടാം ഗോൾ സമ്മാനിച്ചു. ലീഡ് നേടിയ ശേഷവും ആക്രമണം തുടർന്ന ഈജിപ്റ്റിനായി എൺപത്തിരണ്ടാം മിനിറ്റിൽ മഹ്‌മൂദ് ട്രെസെഗെ മൂന്നാം ഗോളും നേടിയതോടെ ന്യൂസിലൻഡിന്റെ തിരിച്ചുവരവ് അസാധ്യമായി.