ഇ.പി.ജയരാജനെതിരായ ആരോപണം ഇ.ഡിക്ക് അന്വേഷിക്കേണ്ടി വരും എന്ന് വി.മുരളീധരന്‍

single-img
26 December 2022

സി പി എം കേന്ദ്ര കമ്മറ്റി അംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇ.പി.ജയരാജനെതിരെ ഉയർന്ന സാമ്പത്തിക ആരോപണത്തിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അന്വേഷിക്കേണ്ടിവരുമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍.

വേണ്ടത് പാര്‍ട്ടിക്ക് ഉള്ളിലെ അന്വേഷണം അല്ല, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. ഭരണത്തിന്റെ തണലില്‍ സമ്പാദിക്കുന്ന പണം കുടുംബക്കാരുടേയും ഇഷ്ടക്കാരുടേയും പേരില്‍ വിവിധയിടങ്ങളില്‍ നിക്ഷേപിക്കുന്നുവെന്നതിന്റെ വ്യക്തമായ സൂചയാനാണിത്. സിപിഐഎം നേതാക്കന്മാര്‍ ഭരണത്തിന്റെ തണലില്‍ പണം സമ്പാദിക്കുകയും ഇഷ്ടക്കാരുടെ പേരില്‍ ആസ്തികള്‍ വാങ്ങി കൂട്ടുന്നു. ഇപി ജയരാജന്റെ ഭാര്യയും മകനും ആയുര്‍വേദ റിസോര്‍ട്ടില്‍ പങ്കാളിയാണെന്നാണ് കേള്‍ക്കുന്നത്. എന്താണ് അവരുടെ വരുമാനത്തിന്റെ സ്രോതസ്സ്. എന്തു വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഐഎം നേതാക്കള്‍ക്ക് ഇത്തരം സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിയുന്നത് എന്നും കേന്ദ്ര മന്ത്രി മുരളീധൻ ചോദിച്ചു.

കേരളത്തിലെ സിപിഐഎമ്മിന്റെ ജില്ലാ സംസ്ഥാന നേതാക്കള്‍, അവര്‍ എംഎല്‍എയോ, എംപിയോ ആകുന്നതിന് മുമ്പത്തെ സാമ്പത്തിക സ്ഥിതിയും ഇന്നത്തെ സാമ്പത്തിക സ്ഥിതിയും തമ്മിലുള്ള വ്യത്യാസം ജനങ്ങള്‍ക്കെല്ലാം അറിയാം. ഇതുസംബന്ധിച്ച് സര്‍ക്കാരോ, പാര്‍ട്ടിയോ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വസ്തുതകള്‍ പുറത്തു വിടുമോ എന്ന് കേന്ദ്ര മന്ത്രി മുരളീധൻ കൂട്ടിച്ചേർത്തു.

അതെ സമയം ഇ പിക്കെതിരെ പി ജയരാജൻ മുൻപും അഴിമതി ആരോപണം ഉന്നയിച്ചട്ടുണ്ട് എന്ന് വിവരം. 2019ൽ കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറിയായിരിക്കെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അന്ന് പിണറായി മന്ത്രിസഭയിലെ മന്ത്രിയായിരുന്ന ഇപി ജയരാജനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തോടൊപ്പം മറ്റ് ക്രമക്കേടുകളും ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങൾ പി ജയരാജൻ ഉന്നയിച്ചത്. ഇ പി ജയരാജന്റെ സാനിധ്യത്തിൽ തന്നെയാണ് അന്ന് ആരോപണങ്ങൾ പി ജയരാജൻ ഉന്നയിച്ചത്.