കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി കോര്‍പറേഷന് മുന്നില്‍ നടത്തിയ സമരത്തിനിടെ സെക്രട്ടറിയടക്കം മൂന്ന് ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു

single-img
16 March 2023

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊച്ചി കോര്‍പറേഷന് മുന്നില്‍ നടത്തിയ സമരത്തിനിടെ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനം.

കോര്‍പറേഷന്‍ സെക്രട്ടറിയടക്കം നാല് ജീവനക്കാരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലി. സുഭാഷ് പാര്‍ക്കിനകത്ത് വെച്ചാണ് മര്‍ദ്ദിച്ചത്. ഓഫീസില്‍ ആരെയും കയറ്റി വിടാതെയുള്ള സമരം നടക്കില്ലെന്ന് പൊലീസ് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഉച്ചയോടെ ഓഫീസില്‍ പ്രവേശിക്കാന്‍ കോര്‍പറേഷന്‍ സെക്രട്ടറിയും മറ്റും ശ്രമിച്ചപ്പോഴായിരുന്നു മര്‍ദ്ദനമേറ്റത്.

കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദറിനെ അസഭ്യം വിളിച്ചു കൊണ്ട് വളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ഓവര്‍സിയര്‍ സുരേഷിനും ഹെല്‍ത്ത് സെക്ഷനിലെ ജീവനക്കാരന്‍ വിജയകുമാറിനും മര്‍ദ്ദനമേറ്റു. രാവിലെ ജോലിക്കെത്തിയ ജീവനക്കാരനെ അസഭ്യം വിളിച്ചും മര്‍ദ്ദിച്ച്‌ ഓടിച്ച ശേഷം ഉച്ചയോടെയാണ് മറ്റ് മൂന്ന് ജീവനക്കാര്‍ക്ക് മര്‍ദ്ദനമേറ്റത്.

ബ്രഹ്മപുരം തീപിടിത്ത വിഷയവുമായി ബന്ധപ്പെട്ട് സോണ്‍ട കരാറില്‍ അന്വേഷണം ആവശ്യപ്പെട്ടും, ഇന്നലെ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ തടഞ്ഞ് പൊലീസ് തല്ലിച്ചതച്ചിലും പ്രതിഷേധിച്ചാണ് ഇന്ന് സമരം പ്രഖ്യാപിച്ചത്. കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ഇന്ന് രാവിലെ ആറ് മണി മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാണ് സമരം പ്രഖ്യാപിച്ചത്.

പൂര്‍ണമായും നഗരസഭാ ഓഫീസ് പ്രവര്‍ത്തനം തടസപ്പെടുത്താനുള്ള ശ്രമം പൊലീസ് തടഞ്ഞിരുന്നു. പൊലീസ് സംരക്ഷണത്തില്‍ നാല് ജീവനക്കാ രാവിലെ ഓഫീസില്‍ പ്രവേശിച്ചിരുന്നു. ഇതിന് പിന്നാലെ ജോലിക്കെത്തിയ ജീവനക്കാരനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അസഭ്യം വിളിച്ചു. ഭയന്ന് തിരികെ പോകാന്‍ ബസ് സ്റ്റോപിലേക്ക് പോയ ജീവനക്കാരനെ പിന്നാലെ പാഞ്ഞെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാടി ചവിട്ടി. ഇയാള്‍ക്ക് പിന്നാലെ പിന്നെയും ആക്രോശിച്ച്‌ പോയ പ്രവര്‍ത്തകര്‍, ജീവനക്കാരന്‍ കയറിയ ബസിലേക്ക് വെള്ളക്കുപ്പി വലിച്ചെറിയുകയും ചെയ്തു.

കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ ഇന്നത്തെ സമരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശക്തമായ സമരത്തിനാണ് കോര്‍പറേഷന് മുന്നില്‍ കോണ്‍ഗ്രസ് തയ്യാറെടുത്തത്. ഇതിനിടെയാണ് അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രകോപനമില്ലാതെയാണ് ജീവനക്കാരെ മര്‍ദ്ദിച്ചതെന്നാണ് പരാതി.