സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു

single-img
19 April 2023

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു.

പേപ്പറില്‍ പ്രിന്റ് ചെയ്ത് ലാമിനേറ്റ് ചെയ്ത് നല്‍കുന്ന രീതിക്ക് പകരം സ്മാര്‍ട്ട് കാര്‍ഡ് നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തില്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നാളെ നിര്‍വഹിക്കും. ഏഴിലധികം സുരക്ഷാ ഫീച്ചറുകളുടെ അകമ്ബടിയോടെയാണ് പുതിയ പിവിസി പെറ്റ് ജി കാര്‍ഡിലുള്ള ലൈസന്‍സ് അവതരിപ്പിക്കാന്‍ പോകുന്നത്. സീരിയല്‍ നമ്ബര്‍, യുവി എംബ്ലം, ഗില്ലോച്ചെ പാറ്റേണ്‍, മൈക്രോ ടെക്സ്റ്റ്, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, ഒപ്റ്റിക്കല്‍ വേരിയബിള്‍ ഇങ്ക്, ക്യൂആര്‍ കോഡ് എന്നിങ്ങനെയുള്ള ഏഴ് സുരക്ഷാ ഫീച്ചറുകളാണ് കേരളം നല്‍കുന്ന പുതിയ ലൈസന്‍സ് കാര്‍ഡില്‍ ഉണ്ടാവുക.

കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റെ മാനദണ്ഡ പ്രകാരമാണ് കേരളത്തിന്റെ പുതിയ ലൈസന്‍സ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ലൈസന്‍സ് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നതിന് സമാനമായി സമീപ ഭാവിയില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കാര്‍ഡ് രൂപത്തിലേക്ക് മാറുമെന്നാണ് സൂചന. മറ്റ് പല സംസ്ഥാനങ്ങളും ഇതും കാര്‍ഡ് രൂപത്തിലാണ് നല്‍കുന്നത്.