കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലൈസ് ചെയ്യും: മന്ത്രി ഗണേഷ് കുമാർ
കേരളത്തിലെ ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലൈസ് ചെയ്യുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാർ. ഇപ്പോൾ നൽകുന്ന കാർഡ് രൂപത്തിലുള്ള ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും.
ഇതോടൊപ്പം ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും ഉൾപ്പെടെ വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി അറിയിച്ചു .
ഇതോടൊപ്പം, സംസ്ഥാനത്തെ 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസിയുടെ കീഴിൽ ഡ്രൈവിങ് സ്കൂൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ. കേന്ദ്രസർക്കാരിന്റെ സഹായത്തോടെയാണ് ഈ പദ്ധതി ആരംഭിക്കുകയെന്നും അതിനുവേണ്ടി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.