വാട്സാപ് കോളിനും ഗൂഗിൾ മീറ്റിനും പിടി വീഴും; ഇൻറർനെറ്റ് കോളുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്
ഇൻറർനെറ്റ് കോളിംഗ്, വാട്ട്സ്ആപ്പ്, സിഗ്നൽ, ഗൂഗിൾ മീറ്റ് തുടങ്ങിയ ആപ്പുകളെ നിയന്ത്രിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ ടെലികോം വകുപ്പ് ടെലികോം റെഗുലേറ്ററി അതോററ്റിയുടെ(ട്രായി) അഭിപ്രായം തേടി. ഇന്റര്‍നെറ്റ് കോളിംഗ് സൗകര്യം ടെലികോം കമ്പനികളുടെ വരുമാനം നഷ്ടപെടുത്തുമെന്നും ഒരേ സേവനത്തിന് ഒരേ ചാര്‍ജ് ഏര്‍പ്പെടുത്തണമെന്നുമാണ് ആവശ്യം.
ഇന്റര്‍നെറ്റ് കോള്‍ നല്കുന്ന വാട്ട്സ്ആപ്പ് അടക്കമുള്ള ആപ്പുകളും ടെലികോം സേവനദാതക്കളും നടത്തുന്നത് ഒരേ സർവീസ് ആയതിനാൽ ടെലികോം കമ്പനികളെപോലെ ആപ്പുകള്‍ക്കും സര്‍വീസ് ലൈസന്‍സ് ഫീ, മറ്റ് ചട്ടങ്ങള്‍ എന്നിവ ബാധകമാക്കണമെന്നാണ് ടെലികോം കമ്പനികള്‍ ഉന്നയിക്കുന്ന ആവശ്യം. ഇത് കൂടി പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
2016-17ലും നെറ്റ് ന്യൂട്രാലിറ്റി പ്രശ്നം റെഗുലേറ്ററും സർക്കാരും ചർച്ച ചെയ്തപ്പോൾ ടെലികോം ഓപ്പറേറ്റർമാർ ഈ പ്രശ്നം ഉന്നയിച്ചിരുന്നു. എന്നാൽ അന്ന് ആപ്പുകൾ നൽകുന്ന കോൾ, മെസേജിംഗ് സേവനങ്ങൾക്ക് സർക്കാർ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല.