കാറിലെത്തിയവര്‍ നല്‍കിയ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചു; വളർത്തു നായ അടക്കം 4 നായ്ക്കൾ ചത്തു

single-img
15 September 2022

തിരുവനന്തപുരം: കാറിലെത്തിയവര്‍ നല്‍കിയ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് വളര്‍ത്തുനായ അടക്കം നാല് നായ്ക്കള്‍ ചത്തതായി പരാതി.

തിരുവനന്തപുരം ചിറക്കുളം റോഡിലാണ് സംഭവം. തെരുവുനായകളെ കൊല്ലുന്നതിനായി വഴിയരികില്‍ വച്ച വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചാണ് വളര്‍ത്തു നായയായ നാനോയും ചത്തത്.

രാവിലെ നടത്താന്‍ കൊണ്ടു പോയപ്പോഴാണ് വളര്‍ത്തുനായ വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ചത്. രാത്രിയില്‍ കാറിലെത്തിയ സംഘമാണ് വിഷം കലര്‍ത്തിയ ഭക്ഷണം വഴിയോരത്ത് വെച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി ഇവിടെ വിഷം വെക്കാന്‍ ആളെത്തിയിരുന്നു. സംശയം തോന്നിയതിനാല്‍ വിഷം കലര്‍ന്ന ഭക്ഷണം എടുത്ത് കളഞ്ഞിരുന്നു. ഇവര്‍ വന്ന കാറിന്റെ ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി യില്‍ പതിഞ്ഞിട്ടുണ്ട്. യാതൊരു ശല്യവുമുണ്ടാക്കാതിരുന്ന നായ്ക്കളെയാണ് വിഷം വെച്ച്‌ കൊന്നത്.

തെരുവുനായകളെ ഉപദ്രവിക്കുന്നതില്‍ നിന്ന് ജനങ്ങളെ വിലക്കിക്കൊണ്ടുള്ള സര്‍കുലര്‍ സംസ്ഥാന പൊലീസ് മേധാവി വഴി പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസം ഹൈകോടതി നിര്‍ദേശിച്ചിരുന്നു. നായകളെ അനധികൃതമായി കൊല്ലുന്നുണ്ടെന്ന് അമികസ് ക്യൂറി അറിയിച്ചതിനെ തുടര്‍ന്നാണിത്. വിഷയം വെള്ളിയാഴ്ച വീണ്ടും കോടതി പരിഗണിക്കും.

തെരുവുനായകളുടെ കടിയേറ്റ് നിരവധി പേര്‍ ചികിത്സ തേടുന്ന സാഹചര്യത്തിലാണ് വിഷയം ഹൈകോടതി പ്രത്യേകമായി പരിഗണിച്ചത്. തെരുവുനായകള്‍ പെരുകുന്നത് നിയന്ത്രിക്കുന്നതിനായി എ ബി സി പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിനും വാക്സിനേഷന്‍ നടത്താനും മുന്‍ ഉത്തരവുകളിലൂടെ കോടതി നിര്‍ദേശിച്ചിരുന്നു