അമിത ശബ്ദത്തിൽ ഡിജെ സംഗീതം; വിവാഹ ചടങ്ങിൽ വരൻ കുഴഞ്ഞുവീണ് മരിച്ചു

single-img
3 March 2023

ബിഹാറിലെ സിതാര്‍മ‍ഹി ജില്ലയിൽ നടന്ന വിവാഹ ചടങ്ങിനിടെ വരൻ കുഴഞ്ഞുവീണ് മരിച്ചു. ഇവിടെയുള്ള ഗ്രാമത്തിൽ നടന്ന വിവാഹത്തിന്റെ ഭാഗമായ വരമാല ചടങ്ങ് കഴിഞ്ഞതിന് പിന്നാലെ അമിത ശബ്ദത്തിൽ നടന്ന ഡിജെ സംഗീത പരിപാടിക്കിടെ ആയിരുന്നു വരൻ കുഴഞ്ഞുവീണത്. സംഭവത്തെ തുടർന്ന് വരനായ സുരേന്ദ്രകുമാറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അമിതമായ ശബ്ദത്തിൽ ഡിജെ നടക്കുന്നതിൽ ആദ്യം തന്നെ യുവാവ് അസ്വസ്ഥത പ്രകടിപ്പിക്കുകയും ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെയാണ് സുരേന്ദ്ര കുമാര്‍ കുഴഞ്ഞുവീണത്. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ച ശേഷം മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലക്ക് കൊണ്ടുപോകവെ മരണം സംഭവിക്കുകയായിരുന്നു.

ബുധനാഴ്ച സുരേന്ദ്രകുമാറും വധുവും വിവാഹ പന്തലിൽ എത്തുകയും വധൂവരന്മാര്‍ മാല കൈമാറുന്നതടക്കമുള്ള ചടങ്ങുകൾ നടത്തുകയും ചെയ്തു. വിവാഹ ഘോഷയാത്രയുടെ ഭാഗമായുള്ള ഡിജെ കേട്ടായിരുന്നു സുരേന്ദ്രകുമാര്‍ അസ്വസ്ഥത പ്രകടിപ്പിച്ചത്. അതേസമയം, കർശനമായ നിരോധനം ഉണ്ടായിരുന്നിട്ടും ഡിജെ ഉപയോഗിച്ചത് എങ്ങനെയെന്ന് പരിശോധിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.