തൃശൂരിൽ മേയർ സ്ഥാനത്ത് തർക്കം; ലാലി ജെയിംസിന് കൗൺസിലർമാരുടെ പിന്തുണ, നിജി ജസ്റ്റിനിൽ ഉറച്ച് എഐസിസി

single-img
24 December 2025

തൃശൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത ശക്തമാകുന്നു. ഡോ. ലാലി ജെയിംസിനെ മേയറാക്കണമെന്നാണ് ഭൂരിഭാഗം കൗൺസിലർമാരുടെയും ആവശ്യം. എന്നാൽ ഡോ. നിജി ജസ്റ്റിനെയേ മേയറാക്കൂ എന്ന നിലപാടിലാണ് എഐസിസി നേതൃത്വം.

നാലാം തവണ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ലാലി ജെയിംസ് ഇത്തവണ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ലാലിയെ മേയറാക്കണമെന്ന ആവശ്യം ഉയർത്തി കൂടുതൽ കൗൺസിലർമാർ രംഗത്തെത്തുന്നുണ്ട്. പാർലമെന്ററി പാർട്ടി യോഗത്തിൽ മേയർ തെരഞ്ഞെടുപ്പിന് വോട്ടെടുപ്പ് നടത്തണമെന്ന് ഒരു വിഭാഗം സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും, അതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം.

അതേസമയം, മുതിർന്ന നേതാക്കളടക്കം കോൺഗ്രസിലെ ശക്തമായ പിന്തുണ ഡോ. നിജി ജസ്റ്റിനാണെന്നാണ് സൂചന. കിഴക്കുംപാട്ടുക്കര ഡിവിഷനിൽ നിന്ന് വിജയിച്ച നിജി, തൃശൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റുമാണ്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് എ. പ്രസാദിനെ പരിഗണിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്.