ഒരു മെക്സിക്കൻ അപാരതയ്ക്ക് തിയേറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ ‘മാളികപ്പുറ’ത്തിന് ശരണവും വിളിക്കാം: സംവിധായകൻ വി സി അഭിലാഷ്

single-img
26 January 2023

‘മാളികപ്പുറം’ സിനിമയുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്ത ഒരു യൂട്യൂബ് വ്ളോഗറെ ചീത്ത വിളിച്ച സംഭവത്തിൽ ഉണ്ണി മുകുന്ദനെ പിന്തുണച്ച് സംവിധായകൻ വി സി അഭിലാഷ് രംഗത്തെത്തി. നിങ്ങൾക്കെതിരെ വരുന്ന വിമർശനം/ നിരൂപണം നേരിടാനും നിങ്ങൾക്കും മനസ്സുണ്ടാവണം. മെക്സിക്കൻ അപാരത പുറത്തിറങ്ങിയപ്പോൾ തിയേറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളികപ്പുറമിറം ഇറങ്ങുമ്പോൾ തിയേറ്ററിനുള്ളിൽ ശരണം വിളിയും പ്രതീക്ഷിക്കണം. ഞാനെന്ന ചലച്ചിത്ര സംവിധായകൻ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നതെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വിസി അഭിലാഷ് പറഞ്ഞു.

അതേസമയം, വ്ളോഗർ പുറത്തുവിട്ട വീഡിയോയ്ക്ക് പിന്നാലെ ഉണ്ണി മുകുന്ദൻ വിശദീകരണവുമായി എത്തിയിരുന്നു. തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയിൽ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് വൈകാരികമായി പ്രതികരിച്ചത് എന്നും 15 മിനിറ്റിനു ശേഷം വിളിച്ചു മാപ്പു ചോദിച്ചിരുന്നു എന്നും ഉണ്ണി പറഞ്ഞു

വി സി അഭിലാഷിന്റെ വാക്കുകൾ ഇങ്ങിനെ:

ഞാൻ ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നു. ആ വ്ലോഗ്ഗർ തൻ്റെ വീഡിയോയിൽ ‘വ്യക്തിപര’ ആക്രമണം നടത്തുന്നുണ്ട്. അതിന് ഒരാൾക്കും അവകാശമില്ല. തുടർന്നുള്ള ഫോൺ വിളിയിലും വ്ലോഗ്ഗർ നല്ല പിള്ള ചമയുന്നുണ്ട്. ടിക്കറ്റ് എടുത്ത് സിനിമ കാണുന്നവർക്ക് വിമർശിക്കാൻ അവകാശമുണ്ട്. അത് പക്ഷേ കൊമേഴ്സ്യൽ താൽപര്യത്തോടെ ചെയ്യുമ്പോൾ അഭിപ്രായ പ്രകടനം മാത്രമല്ല സംഭവിക്കുന്നത്. സിനിമാ വിമർശനം വ്യക്തിയധിക്ഷേപത്തിലേക്ക് തരം താഴരുത്.

വ്ലോഗ്ഗർമാർ മനസ്സിലാക്കേണ്ടത്, ഒരു സിനിമയ്ക്ക് നിങ്ങൾ പണം മുടക്കി ടിക്കറ്റ് എടുത്തു എന്നു പറയുമ്പോൾ തന്നെ നിങ്ങളുടെ യൂ ടൂബ് വീഡിയൊ എന്ന് പറയുന്ന സംഗതിയും അത് കാണുന്നവർക്ക് സൗജന്യമായി കിട്ടുന്നതല്ല എന്ന് നിങ്ങളും തിരിച്ചറിയുന്നത് നല്ലതാണ്. നിങ്ങൾക്കെതിരെ വരുന്ന വിമർശനം/ നിരൂപണം നേരിടാനും നിങ്ങൾക്കും മനസ്സുണ്ടാവണം. മെക്സിക്കൻ അപാരത പുറത്തിറങ്ങിയപ്പോൾ തിയേറ്ററിനുള്ളിൽ മുദ്രാവാക്യം വിളിക്കാമെങ്കിൽ മാളികപ്പുറമിറം ഇറങ്ങുമ്പോൾ തിയേറ്ററിനുള്ളിൽ ശരണം വിളിയും പ്രതീക്ഷിക്കണം.

ഞാനെന്ന ചലച്ചിത്ര സംവിധായകൻ അല്ല, എന്നിലെ സാമൂഹിക ബോധ്യമുള്ള സാധാരണക്കാരനാണ് ഇത് കുറിക്കുന്നത്. ഉണ്ണി മുകുന്ദൻ്റെ രാഷ്ട്രീയമല്ല എൻ്റേത്. ഇത് പറയുന്നതിലൂടെ ഞാൻ ചിലപ്പോ വായുമാർഗ്ഗം സഞ്ചാരിക്കേണ്ടി വന്നേക്കാം. എന്നാലും എനിക്കിത് പറഞ്ഞേ പറ്റൂ. പറയാനുള്ളത് പറഞ്ഞു തന്നെ പോകണമല്ലോ.