എലത്തൂർ ട്രെയിൻ തീവെപ്പിൽ ഫൊറൻസിക്, പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം

single-img
7 June 2023

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പു കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് പോലീസ്, ഫൊറൻസിക് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം. സംഭവം നടന്ന റെയിൽവേ ട്രാക്കിൽനിന്നു ലഭിച്ച ബാഗ് ഉൾപ്പെടെയുള്ള തെളിവുകൾ സുരക്ഷിതമായി സൂക്ഷിക്കാത്തതിനാൽ പ്രതിയുടെ വിലാസം ഉൾപ്പെടെയുള്ള വിവരങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണ നടപടി.

ഏപ്രിൽ രണ്ടിനു രാത്രിയിലാണ് എലത്തൂർ റെയിൽവേ സ്റ്റേഷനു സമീപം വെച്ച് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിലെ ഡി വൺ കോച്ചിന് തീയിട്ടത്. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് ട്രാക്കിൽനിന്നു ഷാരൂഖ് സെയ്ഫിയുടെ മൊബൈൽനമ്പറും വിലാസവും അടങ്ങിയ ഡയറിയും ബാഗുമെല്ലാം കണ്ടെത്തിയത്. കേസിലെ നിർണായക തെളിവായ ഇതിന്റെ ദൃശ്യങ്ങൾ ചാനലുകൾ തത്സമയം കാണിച്ചു. ബാഗിലുണ്ടായിരുന്ന വസ്തുക്കൾക്കു പുറമേ ഡയറിയിലെ വിലാസവും ചാനലുകളിൽ സംപ്രേഷണം ചെയ്തു.

ഓഫീസർമാർ മുതൽ സംഭവസ്ഥലത്തു കാവൽ നിന്നവർ വരെയുള്ളവർക്കു വീഴ്ചയുണ്ടായെന്നാണ് ആരോപണം. ചാനലുകാർ ദൃശ്യങ്ങൾ പകർത്തുമ്പോൾ ഫൊറൻസിക് ഉദ്യോഗസ്ഥ സംഘം ക്രൈംസീനിൽ പരിശോധന നടത്തുന്നുണ്ടായിരുന്നു. ദൃശ്യങ്ങൾ പകർത്തുന്ന കാമറകളെ തടഞ്ഞില്ല എന്നതിനാലാണ് ഇവർക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

അറസ്റ്റിലായ ഉടൻ പ്രതിയുടെ ഫോട്ടോയും വിവരങ്ങളും ചോർന്നുവെന്ന ഗുരുതര ആരോപണത്തെ തുടർന്ന് തീവ്രവാദ വിരുദ്ധ സേന ഐജി പി വിജയനെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരായ വകുപ്പുതല അന്വേഷണം.