ന്യായമായ കാരണമില്ലാതെ ദീർഘകാലത്തേക്ക് പങ്കാളിക്ക് ലൈംഗികബന്ധം നിരസിക്കുന്നത് മാനസിക പീഡനത്തിന് തുല്യം;കോടതി

single-img
27 May 2023

പ്രയാഗ്‌രാജ്: ന്യായമായ കാരണമില്ലാതെ ദീർഘകാലത്തേക്ക് പങ്കാളിക്ക് ലൈംഗികബന്ധം നിരസിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതി. വാരണാസി സ്വദേശി സമർപ്പിച്ച വിവാഹമോചന ഹർജി അനുവദിച്ച് കൊണ്ടായിരുന്നു.

കുടുംബപരവും ദാമ്പത്യപരവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ഭാര്യക്ക് സാധിച്ചില്ല. ഭാര്യയുടെ മാനസിക പീഡനം മൂലമാണ് ഭർത്താവ് വിവാഹ മോചനത്തിന് കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സുനീത് കുമാറും രാജേന്ദ്ര കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് ആണ് ഹർജി പരിഗണിച്ചത്. 2005 നവംബർ 28ന് വിവാഹമോചന ഹർജി തള്ളിയ കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് ഹർജിക്കാരൻ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

2005ലാണ് ഭർത്താവ് വിവാഹമോചനം ആവശ്യപ്പെട്ട് വാരണാസി കുടുംബ കോടതിയിൽ ഹർജി സമർപ്പിച്ചത്. മാനസിക പീഡനം ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂട്ടിക്കാട്ടിയായിരുന്നു ഹർജി സമർപ്പിച്ചത്. എന്നാൽ ഭാര്യ കോടതിയിൽ ഹാജരായില്ല. തുടർന്ന് വാരണാസി കുടുംബ കോടതിയിലെ പ്രിൻസിപ്പൽ ജഡ്ജി വിവാഹമോചന ഹർജി തള്ളി. ഇതോടെയാണ് ഭർത്താവ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്.

1979 മെയ് മാസത്തിലാണ് ദമ്പതികൾ വിവാഹിതരായത്. മാസങ്ങൾക്ക് ശേഷം യുവതിയുടെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങി. ഒപ്പം താമസിക്കാൻ മടിച്ച ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങി. മാതാപിതാക്കൾക്കൊപ്പം താമസിച്ചിരുന്ന ഭാര്യയെ വിവാഹം കഴിഞ്ഞ് ആറുമാസത്തിനുശേഷം തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് ഹർജിക്കാരൻ പറഞ്ഞു. 1994 ജൂലൈയിൽ പരസ്പര സമ്മതത്തോടെ വിവാഹമോചനം നേടുകയും ചെയ്തു. ഭാര്യക്ക് 22,000 രൂപ ജീവനാംശം നൽകിയെന്നും ഹർജിക്കാരൻ പറഞ്ഞു.