ഗൗതം ഗംഭീറിന് പകരം ലക്ഷ്മണിനെ സ്ഥിരം പരിശീലകനാക്കണം; ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം

സിംബാബ്‍വെക്കെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരിയ ഇന്ത്യയുടെ വിജയത്തിനു പിന്നാലെ പരിശീലക സ്ഥാനത്തെ ചൊല്ലി സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകളും കൊഴുക്കുന്നു. ഇംഗ്ലണ്ട്, അയർലൻഡ് ടീമുകൾക്കെതിരായ ടി20 പരമ്പര സമ്പൂർണമായി അടിയറ വച്ചാണ് ഇന്ത്യ സിംബാബ്‍വെയിൽ കളിക്കാനെത്തിയത്. പിന്നാലെയാണ് പരമ്പര തൂത്തുവാരിയുള്ള നേട്ടം. ഇതിഹാസ താരം വിവിഎസ് ലക്ഷ്മണിന്റെ താത്കാലിക പരിശീലനത്തിന് കീഴില്‍ യുവതാരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് പരിശീലകനായ ഗൗതം ഗംഭീറിന് പകരം ലക്ഷ്മണിനെ സ്ഥിരം പരിശീലകനാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചാരണങ്ങളും മീമുകളും സജീവമായത്. ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ഗംഭീറും സീനിയര്‍ കോച്ചിങ് സ്റ്റാഫും എടുത്ത ചെറിയൊരു ഇടവേളയിലാണ് ലക്ഷ്മണ്‍ സിംബാബ്‍വെയില്‍ താത്കാലിക പരിശീലകനായി എത്തിയത്.
ഹരാരെയില്‍ പരമ്പര സ്വന്തമാക്കിയതിന് ശേഷം ബിസിസിഐ പുറത്തുവിട്ട ഡ്രെസിങ് റൂം വിഡിയോ ഈ ചര്‍ച്ചകള്‍ക്ക് ആക്കം കൂട്ടി. ടീമിന്റെ പ്രകടനത്തെ അഭിനന്ദിച്ചും ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ നേതൃപാടവത്തെ പ്രശംസിച്ചും ലക്ഷ്മണ്‍ നടത്തിയ വാക്കുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. മോശം തുടക്കത്തിന് ശേഷം ടീമിനെ വിജയത്തിലേക്ക് നയിച്ച ശ്രേയസിനെ ലക്ഷ്മണ്‍ അഭിനന്ദിച്ചപ്പോള്‍, ടീമിനെ മുന്നില്‍ നിന്ന് നയിച്ചതിന് ശ്രേയസ് അയ്യര്‍ ലക്ഷ്മണിനും സപ്പോര്‍ട്ട് സ്റ്റാഫിനും നന്ദി അറിയിക്കുകയും ചെയ്തു.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ഉയര്‍ന്ന വരുന്ന ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും മത്സര ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ ലക്ഷ്മണ്‍ വ്യക്തമായ മറുപടി നല്‍കി. താന്‍ താത്കാലിക ചുമതലക്കാരൻ മാത്രമാണെന്നു അദ്ദേഹം വ്യക്തമാക്കി. സീനിയര്‍ ടീമിന്റെ പരമ്പരകള്‍ക്കിടയിലെ ചെറിയൊരു ഇടവേള നികത്താന്‍ മാത്രമാണ് താന്‍ എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘സീനിയര്‍ ടീമിന്റെ ക്യാപ്റ്റനും മുഖ്യ പരിശീലകനും സപ്പോര്‍ട്ട് സ്റ്റാഫും ഇംഗ്ലണ്ടിലെ പരമ്പരയ്ക്ക് ശേഷം ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി തയ്യാറെടുക്കുകയാണ്. അവര്‍ക്ക് ലഭിക്കുന്ന ഏക ഇടവേള ഇതാണ്. അതുകൊണ്ടാണ് ഞാന്‍ ഈ ചുമതല ഏറ്റെടുത്തത്. ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് തലവനെന്ന നിലയില്‍ കഴിഞ്ഞ നാല് വര്‍ഷമായി ഈ ഉത്തരവാദിത്വം ഞാൻ നിർവഹിക്കുന്നുണ്ട്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം മാത്രമല്ല പുരുഷ- വനിതാ ക്രിക്കറ്റിലെ യുവ താരങ്ങള്‍ക്കൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് വലിയൊരു അനുഭവമാണ്’- ലക്ഷ്മണ്‍ വ്യക്തമാക്കി.
ഇതാദ്യമായാല്ല ലക്ഷ്മൺ ഇന്ത്യൻ സീനിയർ പുരുഷ ടീമിന്റെ പരിശീലകനായി വരുന്നത്. അയര്‍ലന്‍ഡ്, സിംബാബ്‍വെ, ദക്ഷിണാഫ്രിക്ക പര്യടനങ്ങളിലും 2023ലെ ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ വിവിഎസ് ലക്ഷ്മണിന് സാധിച്ചിട്ടുണ്ട്. സീനിയര്‍ ടീമിന്റെ തിരക്കിട്ട ഷെഡ്യൂളുകള്‍ക്കിടയില്‍ ബിസിസിഐ എപ്പോഴൊക്കെ ആശ്രയിക്കുന്നോ അപ്പോഴെല്ലാം മികച്ച വിജയങ്ങള്‍ സമ്മാനിക്കുന്ന വിശ്വസ്തനായ താത്കാലിക പരിശീലകൻ കൂടിയാണ് വെരി വെരി സ്പെഷൽ ലക്ഷ്മണ്‍. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഗൗതം ഗംഭീര്‍ മടങ്ങിയെത്തുമ്പോള്‍ തന്റെ സ്ഥിരം റോളിലേക്ക് തന്നെ ലക്ഷ്മണ്‍ തിരികെ പോകും.


