ബാല തിരിച്ചുവരില്ല എന്ന് പറഞ്ഞത് മനപൂര്‍വ്വം; മാപ്പ് പറഞ്ഞ് സൂരജ് പാലാക്കാരൻ

single-img
11 March 2023

കരള്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് നടൻ ബാല ആശുപത്രിയിലാണ് എന്ന വാര്‍ത്ത ആദ്യം പുറത്ത് വിട്ടത് ബാലയുടെ സുഹൃത്തും കേരളത്തിലെ അറിയപ്പെടുന്ന യൂട്യൂബറും ആയ സൂരജ് പാലക്കാരനാണ്. പക്ഷെ ഈ വാര്‍ത്തയില്‍ താന്‍ ഉപയോഗിച്ച ചില വാക്കുകളില്‍ തിരുത്തലുകള്‍ ഉണ്ട് എന്ന് പറഞ്ഞാണ് ഇപ്പോള്‍ സൂരജ് പാലക്കാരന്‍ രംഗത്ത് എത്തിയിരിയ്ക്കുന്നത്.

ഒരു കള്ളം പറയുന്നത് നല്ലതിന് വേണ്ടിയാണ് എന്നുണ്ടെങ്കില്‍ അതില്‍ തെറ്റില്ല എന്നും സൂരജ് പറയുന്നു. ആ വാർത്തയിൽ ഒരു വാക്ക് പ്രേക്ഷകര്‍ക്കും ബാലയെ സ്‌നേഹിക്കുന്നവര്‍ക്കും ബാലയുടെ സുഹൃത്തുക്കള്‍ക്കും ഒരുപാട് വേദനയുണ്ടാക്കി എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ‘ബാല തിരിച്ചുവരാനുള്ള സാധ്യത കുറവാണ്’ എന്ന് ഞാന്‍ പറഞ്ഞതാണ്. അത് കള്ളമായിരുന്നു. എന്നാൽ, ആ വാക്ക് ഞാന്‍ ഉപയോഗിച്ചത് വ്യക്തമായ ഉദ്ദേശത്തോടെ തന്നെയാണ്.

അതിന് പ്രധാനമായ ഒരു കാരണം ഉണ്ട്. ബാല കുറേ കാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യമാണ് തന്റെ മകളെ കാണണം എന്നത്. പിണക്കത്തിൽ ഉള്ള സൗഹൃദങ്ങള്‍ കൂട്ടിയോജിപ്പിക്കണം എന്നും പിണങ്ങി നില്‍ക്കുന്ന ബന്ധുക്കളുമായി ബന്ധം പുതുക്കണം എന്നും ബാല ആഗ്രഹിച്ചു. അദ്ദേഹത്തിന്റെ ആ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുന്നതിന് വേണ്ടിയാണ് ഞാന്‍ അത്തരത്തിൽ ഒരു കള്ളം പറഞ്ഞത്.

ബാല ആശുപത്രിയിലാണ്, ഇന്ന അസുഖം ആണ് എന്ന് പറഞ്ഞാല്‍ ആരും തന്നെ ആ വീഡിയോ തിരിഞ്ഞു നോക്കില്ല. ഞാന്‍ ഉപയോഗിച്ച ആ വാക്ക് കാരണം എത്രയോ നാളായി ബാല ആഗ്രഹിയ്ക്കുന്ന, പലരും ശ്രമിച്ചിട്ടും നടക്കാത്ത ആ കാര്യം നടന്നു, ബാലയ്ക്ക് മകളെ കാണാന്‍ സാധിച്ചു. ബാലയുടെ ചേട്ടന്‍ കാണാന്‍ വന്നു, ഉണ്ണിയുമായുള്ള പിണക്കം തീര്‍ന്നു.. എല്ലാം ആ വീഡിയോ കാരണം,തികച്ചും നല്ല ഉദ്ദേശത്തോടു കൂടെ മാത്രമാണ് ഉണ്ണി തിരിച്ചുവരില്ല എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചത്.

അങ്ങിനെ ചെയ്തതിന്റെ പേരില്‍ വന്ന ശാപ വാക്കുകളെ എല്ലാം ഞാന്‍ ഏറ്റെടുക്കുന്നു. ഏതൊരു സാഹചര്യത്തില്‍ ആണെങ്കിലും വീണു കിടക്കുന്ന ഒരു മനുഷ്യനെ കുറിച്ച് അങ്ങിനെ പറയാന്‍ പാടില്ലാത്തതാണ്. എന്നിരുന്നാലും എന്റെ ഉദ്ദേശ ശുദ്ധിയെ എല്ലാവരും മനസ്സിലാക്കണം. അങ്ങിനെ ഒരു വാക്ക് ഉപയോഗിച്ചതിന് ഞാന്‍ ജനങ്ങളോട് മാപ്പ് ചോദിയ്ക്കുന്നു. ബാലയുടെ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ടുവരുന്നു. കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണം എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിയ്ക്കുന്നത്. പഴയ ശക്തിയോടെയും ഊര്‍ജ്ജത്തോടെയും അദ്ദേഹം തിരിച്ചുവരട്ടെ എന്ന് ആശംസിയ്ക്കുന്നു, പ്രാര്‍ത്ഥിയ്ക്കുന്നു- സൂരജ് പാലക്കാരന്‍ പറഞ്ഞു