ആസാദ് കാശ്മീർ പരാമർശം; കോടതി ഉത്തരവിട്ടാൽ മാത്രമേ കെടി ജലീലിനെതിരെ കേസെടുക്കാനാകൂ എന്ന് ഡല്‍ഹി പോലീസ്

single-img
6 September 2022

വിവാദമായി മാറിയ ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ ഡൽഹിയിലെ കോടതിയെ നിലപാട് അറിയിച്ച് ഡല്‍ഹി പോലീസ്. കെ ടി ജലീലിനെതിരെ കേസ് എടുക്കണം എങ്കിൽ കോടതി ഉത്തരവിടണമെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു. ഇനി അടുത്ത തിങ്കളാഴ്ച റോസ് അവന്യു കോടതി വാദം കേള്‍ക്കും.

സമാന വിഷയത്തിൽ നിലവിൽ കെ ടി ജലീലിനെതിരെ കേരളത്തിൽ തിരുവല്ല ഒന്നാം ക്ലാസ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ടിന്റെ ഉത്തരവ് പ്രകാരം കീഴ്‌വായ്പൂര്‍ പോലീസ് ഒരു എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. അവിടെ കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ എന്തിനാണ് ഡല്‍ഹിയില്‍ പുതിയ കേസ് എടുക്കുന്നതെന്ന് ഡല്‍ഹി പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ചോദിക്കുന്നു.

എന്നാൽ കോടതി നിര്‍ദേശിച്ചാല്‍ തങ്ങൾക്ക് കേസെടുക്കുന്നതില്‍ വിമുഖത ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പോലീസ് പറയുന്നുണ്ട്. അതേസമയം, റോസ് അവന്യു കോടതിയില്‍ നിന്ന് തനിക്ക് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ മേല്‍ കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകനായ പരാതിക്കാരന്‍ അറിയിച്ചു.

കശ്മീര്‍ സന്ദര്‍ശനത്തിനിടെ സോഷ്യൽ മീഡിയയിൽ പാക്ക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും കശ്മീര്‍ താഴ്‌വരയെയും ജമ്മുവിനെയും ലഡാക്കിനെയും ചേര്‍ത്ത് ‘ഇന്ത്യന്‍ അധീന കശ്മീര്‍’ എന്നുമായിരുന്നു ജലീല്‍ എഴുതിയത്. ഇതിനെ തുടർന്ന് ജലീലിനെതിരെ ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രാജ്യദ്രോഹ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു.