രാഷ്ട്രപതിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; പശ്ചിമബംഗാള്‍ മന്ത്രിക്കെതിരെ പൊലീസില്‍ പരാതി
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ പശ്ചിമബംഗാള്‍ മന്ത്രിക്കെതിരെ പൊലീസില്‍ പരാതി.
ബിജെപി എംപി ലോക്കറ്റ് ചാറ്റര്‍ജിയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഐപിസി, എസ് സി-എസ് ടി നിയമപ്രകാരമുള്ള വകുപ്പുകള്‍ പ്രകാരം മന്ത്രിക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ലോക്കറ്റ് ചാറ്റര്‍ജി ആവശ്യപ്പെട്ടു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ അഖില്‍ ഗിരിയാണ് രാഷ്ട്രപതിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. രാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട് എന്ന മന്ത്രിയുടെ ചോദ്യമാണ് വിവാദമായത്. രാഷ്ട്രപതിയുടെ നിറത്തേയും ജാതിയേയും അവഹേളിക്കുന്നതാണ് അഖില്‍ ഗിരിയുടെ പരാമര്‍ശമെന്നാണ് ബിജെപി ആരോപിക്കുന്നത്.
വിവാദ പരാമര്‍ശത്തില്‍ മന്ത്രി അഖില്‍ ഗിരി ഉടന്‍ ഡല്‍ഹിയിലെത്തി മാപ്പു പറയണം. അല്ലെങ്കില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മന്ത്രിസഭയില്‍ നിന്നും മന്ത്രിയെ പുറത്താക്കാന്‍ തയ്യാറാകണം. നിരവധി പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ പൊതു പ്രവര്‍ത്തനത്തിലുണ്ട്. എന്നാല്‍ ബംഗാളിലെ മന്ത്രിമാരുടെ അവരോടുള്ള മനോഭാവമാണ് വെളിപ്പെട്ടതെന്നും ലോക്കറ്റ് ചാറ്റര്‍ജി പറഞ്ഞു.
നന്ദിഗ്രാമില്‍ നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവാണ് അഖില്‍ ഗിരി. ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരായ പ്രസംഗത്തിനിടെയാണ് രാഷ്ട്രപതിയെക്കുറിച്ച് മന്ത്രി പരാമര്‍ശിച്ചത്. തങ്ങള്‍ ആളുകളെ കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല വിലയിരുത്തുന്നത് എന്നും അഖില്‍ ഗിരി പറഞ്ഞു.