ദീപക് ആത്മഹത്യ കേസ്: ഷിംജിതയ്ക്ക് ജാമ്യമില്ല, കോടതി ജാമ്യാപേക്ഷ തള്ളി

single-img
27 January 2026

ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ ഷിംജിതയ്ക്ക് ജാമ്യം നിഷേധിച്ചു. കുന്ദമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കുന്ദമംഗലം പൊലീസ് സമർപ്പിച്ച റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി ഈ തീരുമാനത്തിലെത്തിയത്.

പ്രതി പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച അപകീർത്തികരമായ വീഡിയോയൊഴിച്ചാൽ ദീപക് ആത്മഹത്യ ചെയ്യാൻ മറ്റേതെങ്കിലും കാരണങ്ങളില്ലെന്നാണ് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ഈ മാസം 21നാണ് വടകര സ്വദേശി ഷിംജിത മുസ്തഫയെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കുന്ദമംഗലം കോടതി പ്രതിയെ റിമാൻഡ് ചെയ്തു. നിലവിൽ ഷിംജിത മഞ്ചേരി വനിതാ ജയിലിലാണ് കഴിയുന്നത്.

അസിസ്റ്റന്റ് പ്രൊഫസറായ ഷിംജിതയ്ക്ക് നിയമത്തെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നുവെന്നും, എന്നിട്ടും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ബന്ധപ്പെട്ട നിയമ അധികാരികളെയോ വിവരം അറിയിക്കാതെ ഇത്തരം വീഡിയോകൾ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ചുവെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.