സൈറസ് മിസ്ട്രിയുടെ മരണ കാരണം പുറത്തു വന്നു; തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതവുമാണ് മരണത്തിനു ഇടയാക്കിയത്

single-img
6 September 2022

ന്യൂഡല്‍ഹി: സൈറസ് മിസ്ട്രിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക അവയവങ്ങള്‍ക്കുണ്ടായ ക്ഷതവുമാണ് ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെയും സുഹൃത്ത് ജഹാംഗീര്‍ പണ്ടോളിന്റെയും മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

പാല്‍ഘറിലെ ജെ.ജെ ആശുപത്രിയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

സൈറസ് മിസ്ത്രിയുടെ തലയില്‍ ഗുരുതര ക്ഷതം ഏറ്റതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് കടുത്ത രക്തസ്രാവത്തിന് കാരണമായി. നെഞ്ചിലും തുടയിലും കഴുത്തിലുമെല്ലാം ഒന്നിലധികം ഒടിവുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് വലിയ കുലുക്കം ഉണ്ടായിട്ടുണ്ടാകാമെന്നും, നിലവില്‍ ശരീരത്തിലെ പരിക്കുകള്‍ അതാണ് സൂചിപ്പിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

ജഹാംഗീറിന്റെ ശരീരത്തിലും സമാനമായ രീതിയിലുള്ള ഒടിവുകളും ചതവുകളും സംഭവിച്ചിട്ടുണ്ട്. നെഞ്ചിലും തലയിലും കൈകാലുകളിലും ഗുരുതരമായ പരിക്ക് ഏറ്റിട്ടുണ്ട്. അതേസമയം, ഇവരുടെ ശരീരത്തില്‍ മദ്യത്തിന്റെ അംശമുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങളുടെ സാമ്ബിളുകള്‍ കലിനയിലെ ഫൊറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഞായറാഴ്ച മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാര്‍ അപകടത്തിലാണ് സൈറസ് മിസ്ത്രിയും ജഹാംഗീര്‍ പണ്ടോളും കൊല്ലപ്പെടുന്നത്. അപകടസമയം വാഹനത്തിന്റെ പിന്‍സീറ്റിലാണ് ഇരുവരും ഇരുന്നിരുന്നത്. കാര്‍ അപകടം നടന്ന സ്ഥലത്തും ഫൊറന്‍സിക് സംഘം പരിശോധന നടത്തും.