കുറ്റകൃത്യങ്ങൾ ഏറ്റവും കുടുതലുള്ള സംസ്ഥാനമായി കേരളം മാറി: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള


ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ള. ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ നൂറാം വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വർഷത്തെ കണക്കെടുത്തു പരിശോധിച്ചാൽ മനുഷ്യ മന:സാക്ഷിയെ മരവിപ്പിക്കുന്ന ഹീനമായ കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണം കൊണ്ടല്ല, ഒരു ലക്ഷം പേരിൽ എത്രപേർ ക്രിമിനൽ കുറ്റകൃത്യങ്ങൾ ചെയ്യുന്നു എന്നു നോക്കിയാണ് ക്രൈം റേറ്റ് നിശ്ചയിക്കുന്നത്. കേരളത്തിൽ ഒരു ലക്ഷം പേരിൽ 444 പേർ ഹീനമായ കുറ്റകൃത്യങ്ങളിൽ പ്രതികളാക്കപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനത്ത് ഇത് 272 ആണ്. ഇന്ത്യയുടെ ശരാശരി നിരക്ക് 222 ആകുമ്പോഴാണ് കേരളത്തിൽ നിന്നും 444 എന്ന കണക്കു എന്നും പി.എസ് ശ്രീധരൻപിള്ള പറഞ്ഞു.
ഇപ്പോഴത്തെ മുഖ്യമന്ത്രിയുടേയോ മുൻ മുഖ്യമന്ത്രിയുടേയോ പേരിൽ ആരോപണ പ്രത്യാരാപണങ്ങൾ ഉന്നയിക്കാൻ വേണ്ടിയല്ല, ഒരു ജനസഞ്ചയത്തിന്‍റെ മനോനില എവിടെ എത്തിനിൽക്കുന്നു എന്നതിന്‍റെ കാരണം കണ്ടുപിടിക്കാനാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.