ആക്ഷേപം ഉന്നയിക്കുന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പിബി

single-img
17 October 2022

തിരുവനന്തപുരം : ആക്ഷേപം ഉന്നയിക്കുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന ഗവര്‍ണറുടെ മുന്നറിയിപ്പില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പിബി.

കേരളാ ഗവര്‍ണറുടെ ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ രാഷ്ട്രപതി വിലക്കണമെന്ന് സിപിഎം
പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. മന്ത്രിയെ പുറത്താക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതില്‍നിന്ന് രാഷ്ട്രപതി ഗവര്‍ണറെ തടയണമെന്നും പിബി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഗവര്‍ണറുടെ പ്രസ്താവനക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തി. തെറ്റായ പ്രവണതയാണ് ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മന്ത്രിമാരെ തിരിച്ചുവിളിക്കാന്‍ ഒരു ഗവര്‍ണര്‍ക്കും അവകാശമില്ലെന്നും എം വി ഗോവിന്ദനും പ്രതികരിച്ചു.

ആക്ഷേപം ഉയര്‍ത്തുന്ന മന്ത്രിമാരെ പിന്‍വലിക്കുമെന്ന അസാധാരണ ഭീഷണിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ട്വിറ്ററിലൂടെ നടത്തിയത്. സര്‍ക്കാറും ഗവര്‍ണറും തമ്മിലെ ഭിന്നത രൂക്ഷമായിരിക്കെയാണ് ആരിഫ് മുഹമ്മദ് ഖാന്‍റെ മുന്നറിയിപ്പ്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാം. എന്നാല്‍ ഗവര്‍ണറുടെ അന്തസ് കെടുത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയാല്‍ മന്ത്രി സ്ഥാനം റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കുമെന്നാണ് ഗവര്‍ണറുടെ ട്വീറ്റ്. ഗവര്‍ണര്‍ ആര്‍എസ്‌എസ് പാളയത്തില്‍ നിന്നും വരുന്നു, രാജ്ഭവനും ഭരണഘടന പാലിക്കണം എന്നതടക്കമുള്ള സമീപകാലത്തെ മന്ത്രി ആര്‍ ബിന്ദുവിന്‍റെ പ്രസ്താവനകളടക്കമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സര്‍വ്വകലാശാല നിയമഭദേഗതി ബില്‍ ഒപ്പിടാതിരുന്ന ഗവര്‍ണറെ നേരത്തെ മന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അസാധാരണ നടപടി.

ഭരണഘടനയില്‍ മന്ത്രിമാരുടെ നിയമനത്തെ കുറിച്ച്‌ പറയുന്ന 164 ആം അനുച്ഛേദം ആയുധമാക്കിയാണ് രാജ്ഭവന്‍ നീക്കം. മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരമാണ് മന്ത്രിമാരുടെ നിയമനം എങ്കിലും ഗവര്‍ണര്‍ക്ക് താല്പര്യം അനുസരിച്ച്‌ പിന്‍വലിക്കാന്‍ ഭരണഘടന അധികാരം നല്‍കുന്നുവെന്നാണ് വിശദീകരണം.