വീണ വിജയനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലിനെ കുറിച്ച് അറിയില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ

single-img
9 August 2023

തിരുവനന്തപുരം: വീണ വിജയനെതിരായ ആദായ നികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തലിനെ കുറിച്ച് അറിയില്ലെന്ന് സിപിഎം നേതാവ് എ കെ ബാലൻ. വിഷയം പഠിച്ച ശേഷം പ്രതികരിക്കാമെന്നും വീണ വിജയനെതിരായ വാർത്ത മാത്രമാണ് ശ്രദ്ധയിൽപെട്ടതെന്നും എകെ ബാലൻ പറഞ്ഞു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അജണ്ട സെറ്റ് ചെയ്യുകയാണോ. പിണറായി വിജയനേയും കുടുംബത്തെയും തകർക്കുക എന്നത് മാധ്യമങ്ങളുടെ ഉന്നമാണെന്നും ബാലൻ പറഞ്ഞു. 

നിയമസഭയിൽ അടിയന്തിര പ്രമേയത്തിന്റെ ദാരിദ്യം കുറക്കാൻ മാധ്യമങ്ങൾ ഓരോ വിഷയം ഇട്ടു കൊടുക്കുകയാണ്. ആദായ നികുതി തർക്ക പരിഹാര ബോർഡിൽ താൻ ഇരുന്നിട്ടില്ലെന്നും കാര്യങ്ങൾക്ക് വ്യക്തത വന്ന ശേഷം പ്രതികരിക്കാമെന്നും ബാലൻ കൂട്ടിച്ചേർത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയെ പെട്ടെന്ന് തീരുമാനിക്കും. കണ്ണുനീർ വിറ്റ് വോട്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ തവണ ഉമ്മൻ ചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നും എകെ ബാലൻ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് ലഭിച്ച മാസപ്പടിയുമായി ബന്ധപ്പെട്ടുള്ള വിവാദമാണ് നിയമസഭയിൽ ഉൾപ്പെടെ പ്രതിപക്ഷം ചർച്ചയാക്കിയിരിക്കുന്നത്. വീണ വിജയന് 3 വർഷത്തിനിടെ1.72 കോടി നൽകി എന്നാണ് ആദായ നികുതി തർക്ക പരിഹാര ബോർഡിന്റെ കണ്ടെത്തൽ. സേവനം നൽകാതെ പണം നൽകിയെന്നാണ് വിവാദമായ കണ്ടെത്തൽ. നേരത്തെയും വീണയുടെ സ്ഥാപനത്തിന്റെ ഇടപാട് ചർച്ചയായിട്ടുണ്ട്.