കേന്ദ്ര ബജറ്റ് കത്തിച്ച്‌ പ്രതിഷേധിക്കാന്‍ സിപിഎം കര്‍ഷക സംഘടന

single-img
4 February 2023

ദില്ലി: കേന്ദ്ര ബജറ്റ് കത്തിച്ച്‌ പ്രതിഷേധിക്കാന്‍ സിപിഎം കര്‍ഷക സംഘടന. ഈ മാസം ഒമ്ബതിന് രാജ്യവ്യാപകമായി കരിദിനം ആചരിക്കുമെന്നും വിവിധ കേന്ദ്രങ്ങളില്‍ കേന്ദ്ര ബജറ്റ് കത്തിച്ച്‌ പ്രതിഷേധിക്കുമെന്നും സിപിഎമ്മിന്‍റെ കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ നേതാക്കള്‍ അറിയിച്ചു.

പണക്കാര്‍ക്ക് വേണ്ടിയാണ് കേന്ദ്ര ബജറ്റെന്ന് സംഘടനയുടെ വൈസ് പ്രസിഡന്‍്റ് ഹനന്‍ മൊല്ല പറഞ്ഞു.

പാവപ്പെട്ടവരുടെയും പണക്കാരുടെയും ഇന്ത്യ എന്ന രീതിയില്‍ രണ്ട് രാജ്യത്തെ സൃഷ്ടിക്കാനാണ് കേന്ദ്ര ബജറ്റ് ശ്രമിക്കുന്നതെന്ന് കര്‍ഷക സംഘടന നേതാക്കള്‍ ആരോപിച്ചു. കര്‍ഷകര്‍ക്ക് യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളുമില്ലെന്നും തൊഴിലുറപ്പ് പദ്ധതി ഗണ്യമായി വെട്ടി ചുരുക്കിയെന്നും കാര്‍ഷിക ഉപകരണങ്ങളുടെ സബ്സിഡിയുടെ കാര്യത്തിലും വലിയ തോതില്‍ കുറവുണ്ടായെന്നും കര്‍ഷക സംഘടന നേതാക്കള്‍ വിമര്‍ശിച്ചു. ഇത് അംഗീകരിക്കാനാവില്ലെന്നും രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളത്തില്‍ അറിയിച്ചു.

അതേസമയം, കേരളത്തില്‍ പെട്രോള്‍ വില വര്‍ധിപ്പിച്ച നടപടി ശരിയാണെന്ന് ആള്‍ ഇന്ത്യ കിസാന്‍ സഭ പ്രതികരിച്ചു. കേന്ദ്രം വര്‍ദ്ധിപ്പിച്ചാല്‍ തെറ്റാണ്. കേരള സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ട്, കേന്ദ്രം അത് ചെയ്യുന്നില്ലെന്ന് കിസാന്‍ സഭ ഫിനാന്‍സ് സെക്രട്ടറി പി കൃഷ്ണ പ്രസാദ് പറഞ്ഞു. രണ്ട് ബജറ്റുകളും രണ്ട് ദിശയിലാണ് ഉള്ളത്. ആഗോള സാമ്ബത്തിക മാന്ദ്യം ശക്തമാകുമ്ബോള്‍ പണം കണ്ടെത്താതെ കയ്യടി നേടാന്‍ അല്ല ശ്രമിക്കേണ്ടതെന്നും ആള്‍ ഇന്ത്യ കിസാന്‍ സഭ നേതാക്കള്‍ പറഞ്ഞു.

അതേസമയം, കേന്ദ്ര ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രമന്ത്രിമാര്‍. ഇന്നും നാളെയുമായി വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രചാരണ പരിപാടികളില്‍ മന്ത്രിമാരും ബിജെപി നേതാക്കളും ബജറ്റിലെ പ്രഖ്യാപനങ്ങളും പദ്ധതികള്‍ ഉപയോഗപ്പെടുത്തേണ്ടതിനെ കുറിച്ചും വിശദീകരിക്കും. ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡിയാണ് കൊച്ചിയില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍ കര്‍ണാടകയിലും, രാജീവ് ചന്ദ്രശേഖര്‍ തമിഴ്നാട്ടിലും പ്രചാരണത്തിനെത്തും. പന്ത്രണ്ട് വരെയാണ് ബിജെപിയുടെ രാജ്യവ്യാപക ബജറ്റ് പ്രചാരണം.