കുറ്റകൃത്യം രാജ്യത്തിന്റെ താത്പര്യത്തെ ബാധിക്കുന്നത്; മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് നിസാരമായി കാണാനാകില്ലെന്ന് കോടതി


വന്യജീവി സംരക്ഷണ നിയമപ്രകാരമുള്ള കുറ്റകൃത്യമായതിനാൽ രാജ്യത്തിന്റെ താത്പര്യത്തെ ബാധിക്കുന്നതുകൊണ്ട് നടൻ മോഹൻലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ് നിസാരമായി കാണാനാകില്ലെന്ന് പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി.
മോഹൻലാലിനെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളികൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ ഈ പരാമർശം. കേസ് പിന്‍വലിക്കുന്നത് രാജ്യത്തിന്റെ വിശാലതാത്പര്യത്തിന് വിരുദ്ധമാകുമെന്ന് മജിസ്‌ട്രേറ്റ് അഞ്ജു ക്ലീറ്റസ് വിധിയിൽ ചൂണ്ടിക്കാട്ടി.
ആനക്കൊമ്പിൻ്റെ നിലവിലെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന്റെ സാധുത ഹൈക്കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്താതെയാണ് കേസ് പിന്‍വലിക്കല്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണെന്ന വസ്തുത ‘മനപ്പൂര്‍വ്വമോ അല്ലാതെയോ പിന്‍വലിക്കല്‍ ഹര്‍ജിയില്‍ വെളിപ്പെടുത്തിയിട്ടില്ല.
‘ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം വച്ചതായി പ്രഖ്യാപിച്ച ഗസറ്റ് വിജ്ഞാപനവും അദ്ദേഹത്തിന് നല്‍കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലന്നും കോടതി ഉത്തരവിലുണ്ട്.
അതേസമയം, മോഹൻലാൽ ഉൾപ്പടെയുള്ള കേസിലെ പ്രതികൾ നേരിട്ട് ഹാജരാകണമെന്ന് പെരുമ്പാവൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കേസിന്റെ വിചാരണയുടെ ഭാഗമായി നവംബർ മൂന്നിന് നേരിട്ട് ഹാജരാകാനാണ് നിർദേശം.