സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി

single-img
30 March 2023

തിരുവനന്തപുരം നെടുമങ്ങാട് സൂര്യഗായത്രി വധക്കേസില്‍ പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി.

തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടേതാണ് ഉത്തരവ്. കൊലപാതകം, അതിക്രമിച്ച്‌ കടക്കല്‍, പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിഞ്ഞതായി കോടതി കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്നാണ് പ്രതി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം. ഭിന്നശേഷിക്കാരായ മാതാപിതാക്കള്‍ക്ക് മുന്നില്‍ വെച്ചാണ് 20 കാരിയായ മകളെ പ്രതി കൊലപ്പെടുത്തിയത്.33 തവണയാണ് പ്രതി സൂര്യഗായത്രിയെ കുത്തിയത്. അമ്മ വത്സലയ്ക്കും അച്ചന്‍ ശിവദാസനുമൊപ്പം വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്നു യുവതി. പുറത്തെ ശബ്ദം കേട്ട് യുവതിയും പിതാവും പുറത്തിറങ്ങി നോക്കി. ഇതിനിടെ പ്രതി അരുണ്‍ പിന്നിലെ വാതിലിലൂടെ അകത്തു കയറി ഒളിച്ചിരുന്നു.

അകത്തേക്കു കയറിയ സൂര്യഗായത്രിയെ പ്രതി കുത്തിയത്. തടയാന്‍ ശ്രമിച്ച ശിവദാസനെ പ്രതി അരുണ്‍ അടിച്ചു നിലത്തിട്ടു. ഭിന്നശേഷിക്കാരിയായ അമ്മ തടയാനെത്തിയപ്പോള്‍ അവരെയും ആക്രമിച്ചു. വിവാഹാഭ്യര്‍ത്ഥന സൂര്യഗായത്രി നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.