കര്‍ണാടകത്തില്‍ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം 

single-img
24 January 2023

ബെംഗളുരു : കര്‍ണാടകത്തില്‍ റിപ്പബ്ലിക് ദിനപരേഡിനെച്ചൊല്ലി വിവാദം പുകയുന്നു. ബെംഗളുരു ചാമരാജ് പേട്ടിലെ ഈദ് ഗാഹ് മൈതാനത്തും റിപ്പബ്ലിക് ദിനാഘോഷം നടത്താന്‍ കര്‍ണാടക സര്‍ക്കാര്‍.

മനേക് ഷാ പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയും ഗവര്‍ണറും പങ്കെടുക്കുന്ന ഔദ്യോഗിക റിപ്പബ്ലിക് ദിനപരിപാടിയ്ക്ക് പുറമേയാണ് ഈദ് ഗാഹ് മൈതാനത്തെ പരിപാടി. ബെംഗളുരു എസിപി ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തുമെന്ന് ബെംഗളുരു സെന്‍ട്രല്‍ ബിജെപി എംപി പി സി മോഹന്‍ പറഞ്ഞു.

ഉടമസ്ഥതയെച്ചൊല്ലി വര്‍ഷങ്ങളായി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണ് രണ്ടേക്കര്‍ വരുന്ന ഈദ് ഗാഹ് മൈതാനം. റവന്യൂവകുപ്പും, ബിബിഎംപിയും വഖഫ് ബോര്‍ഡും ഈ മൈതാനത്തിന്‍റെ ഉടമസ്ഥത അവകാശപ്പെട്ടിരുന്നു. വര്‍ഷങ്ങളായി നഗരത്തില്‍ ഈദ് നമസ്കാരമടക്കം നടക്കുന്ന ഇടമാണ് ഈദ് ഗാഹ് മൈതാനം. ഇവിടെ ഗണേശോത്സവം നടത്താന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം തീവ്രഹിന്ദുസംഘടനകള്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഒടുവില്‍ സുപ്രീംകോടതി ഇടപെട്ടാണ് ഇത് തടഞ്ഞത്. 2013-ല്‍ എംപി അനന്ത് കുമാര്‍ അടക്കം ചേര്‍ന്ന് തീവ്രഹിന്ദുസംഘടനകള്‍ ഈ മൈതാനത്തിലൂടെ വിജയദശമി ദിനത്തില്‍ ആര്‍എസ്‌എസ്സിന്‍റെ റൂട്ട് മാര്‍ച്ച്‌ നടത്താന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.