ഗുജറാത്തിലെ മോർബി പാലം അറ്റകുറ്റപ്പണി നടത്തിയ കരാറുകാർക്ക് അത്തരം ജോലിക്ക് യോഗ്യതയില്ല: സർക്കാർ

single-img
2 November 2022

ഗുജറാത്തിലെ മോർബിയിലെ തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയ കരാറുകാർക്ക് അത്തരം ജോലികൾ ചെയ്യാൻ യോഗ്യതയില്ലെന്ന് പ്രോസിക്യൂഷൻ മോർബിയിലെ കോടതിയെ അറിയിച്ചു. ബ്രിഡ്ജ് ഫ്ലോറിംഗ് മാറ്റിസ്ഥാപിച്ചപ്പോൾ അതിന്റെ കേബിൾ മാറ്റിസ്ഥാപിച്ചിട്ടില്ലെന്നും മാറ്റിയ തറയുടെ ഭാരം എടുക്കാൻ കേബിളിന് കഴിയില്ലെന്നും, അതാണ് അപകടം ഉണ്ടാക്കിയതെന്നും ഫോറൻസിക് റിപ്പോർട്ട് ഉദ്ധരിച്ച് പ്രോസിക്യൂഷൻ മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

ഒക്‌ടോബർ 30ന് വൈകിട്ട് പാലം തകർന്ന് 140 പേരുടെ ജീവനാണ് പൊലിഞ്ഞത്. അറസ്റ്റിലായ ഒറേവ ഗ്രൂപ്പിന്റെ രണ്ട് മാനേജർമാരെയും പാലം നന്നാക്കിയ രണ്ട് സബ് കോൺട്രാക്ടർമാരെയും നവംബർ 5 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

എന്നാൽ പോലീസ് കസ്റ്റഡി ആവശ്യപ്പെടാത്തതിനാൽ സെക്യൂരിറ്റി ഗാർഡുകളും ടിക്കറ്റ് ബുക്കിംഗ് ക്ലാർക്കുമാരും ഉൾപ്പെടെ അറസ്റ്റിലായ മറ്റ് അഞ്ച് പേരെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. നേരത്തെ ഉടമകളെ അറസ്റ്റ് ചെയ്യുന്നതിന് പകരം സെക്യൂരിറ്റി ഗാർഡുകളും ടിക്കറ്റ് ബുക്കിംഗ് ക്ലാർക്കുമാരും അറസ്റ്റ് ചെയ്തതിൽ വ്യാപക പ്രതിഷേധം ഉണ്ടായിരുന്നു.