പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ യുടെ നേതൃത്വം കോണ്‍ഗ്രസിന് ആവണമെന്നാണ് ആഗ്രഹം: പി കെ കുഞ്ഞാലിക്കുട്ടി

single-img
31 August 2023

ദേശീയ തലത്തിലെ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ നേതൃത്വം കോണ്‍ഗ്രസിന് ആവണമെന്നാണ് ആഗ്രഹമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ദേശീയതലത്തിലാണ് മുന്നണിയുടെ പ്രസക്തി. ഇവിടെ കേരളത്തില്‍ ബിജെപി വലിയ ശക്തിയല്ല.

പ്രതിപക്ഷ നിരയിൽ നിന്നും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആരാകണമെന്ന കാര്യമൊക്കെ നാളത്തെ ചര്‍ച്ചയില്‍ വരും. അതിനുമുമ്പ് ഈ കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ഉടൻ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയെ നേരിടാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച സഖ്യമായ ഇന്ത്യന്‍ നാഷണല്‍ ഡെവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ് (ഇന്ത്യ) യുടെ നിര്‍ണായക യോഗം ഇന്ന് മുംബൈയില്‍തുടങ്ങും. വൈകീട്ടോടെ നേതാക്കളെല്ലാം മുംബൈയിലെത്തും. വൈകീട്ട് ആറരയോടെ അനൗദ്യോഗിക കൂടക്കാഴ്ചകള്‍ക്ക് തുടക്കമാവും. രാത്രി ഉദ്ദവ് താക്കറെ നേതാക്കള്‍ക്ക് അത്താഴ വിരുന്നൊരുക്കും. നാളെയാണ് മുന്നണിയുടെ ലോഗോ പ്രകാശനം.