ബിജെപി ചേരാൻ 50 കോടിയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തുവെന്ന് ഗുജറാത്തിലെ പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ

single-img
2 September 2022

കോൺഗ്രസ് വിട്ട് ഭരണകക്ഷിയായ ബിജെപി ചേരാൻ തനിക്ക് 50 കോടി രൂപയും മന്ത്രിസ്ഥാനവും വാഗ്ദാനം ചെയ്തതായി ഗുജറാത്ത് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്വ അവകാശപ്പെടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

എനിക്ക് 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തിരുന്നു. എന്നെ മന്ത്രിയാക്കാമെന്നും അവർ വാഗ്‌ദാനം ചെയ്‌തു. ഞാൻ അവരോടൊപ്പം ചേർന്നാൽ എന്റെ തിരഞ്ഞെടുപ്പ് ചെലവുകൾ മുഴുവനും വഹിക്കാമെന്നും അവർ വാഗ്‌ദാനം ചെയ്‌തു- വീഡിയോയിൽ സുഖ്‌റാം രത്വ പറയുന്നു.

എന്നാൽ വീഡിയോ വൈറൽ ആയതോടെ വിശദീകരണവുമായി സുഖ്‌റാം രത്വ രംഗത്തുവന്നു. വീഡിയോയ്ക്ക് അഞ്ച് വർഷത്തിലേറെ പഴക്കമുണ്ട് എന്നാണു രത്വ ഇപ്പോൾ പറയുന്നത്.

അതേസമയം സുഖ്‌റാം രത്വക്കെതിരെ രൂക്ഷ വിമർശനമാണ് ബിജെപി നേതാക്കൾ ഉന്നയിക്കുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടില്ലാത്തതിനാൽ, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന പാർട്ടി പ്രവർത്തകർ കോൺഗ്രസ് വിടുന്നത് സ്വാഭാവികമാണ്. എന്തുകൊണ്ടാണ് പ്രവർത്തകർ പാർട്ടി വിടുന്നത് എന്ന് ആത്മപരിശോധന നടത്തുന്നതിന് പകരം മറ്റുള്ളവർക്കെതിരെ കോൺഗ്രസ് നേതാക്കൾ എപ്പോഴും ആരോപണങ്ങൾ ഉന്നയിക്കുന്നു. പക്ഷേ, ഗുജറാത്തിലെ ജനങ്ങൾക്ക് യാഥാർത്ഥ്യം അറിയാം എന്നും ഗുജറാത്ത് ബിജെപി വക്താവ് യമൽ വ്യാസ് പറഞ്ഞു.