തലച്ചോറില്‍ രക്തസ്രാവം; കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി അന്തരിച്ചു

single-img
27 October 2022

തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോൺഗ്രസ് രാഷ്ട്രീയത്തിലെ ആദർശ മുഖമായ നേതാവ് സതീശൻ പാച്ചേനി (54) അന്തരിച്ചു. കണ്ണൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒക്ടോബർ 19ന് രാത്രി11 മണിയോടെയാണ് അദ്ദേഹത്തെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് രാവിലെ 11.30നാണ് മരണം സംഭവിച്ചത്.കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്‍റ്, കെപിസിസി ജോ. സെക്രട്ടറി, കണ്ണൂർ കണ്ണൂർ ഡിസിസി പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് രണ്ടു തവണ വീതം മലമ്പുഴയിൽ നിന്നും കണ്ണൂരിൽ നിന്നും മത്സരിച്ചു. ഒരുതവണ പാലക്കാട് നിന്നും ലോക്സഭയിലേക്കും മത്സരിച്ചു.

കണ്ണൂർ ജില്ലയിലെ ഒരു അടിയുറച്ച കമ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നും വലതുപക്ഷത്തെത്തിയ നേതാവായിരുന്നു പാച്ചേനി. തളിപ്പറമ്പിന് സമീപം പാച്ചേനിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും കര്‍ഷക തൊഴിലാളിയുമായ പരേതരായ പാലക്കീല്‍ ദാമോദരന്‍റേയും മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി അഞ്ചിനാണ് മാനിച്ചേരി സതീശന്‍ എന്ന സതീശന്‍ പാച്ചേനിയുടെ ജനനം.

2001 മുതല്‍ തുടര്‍ച്ചയായ 11 വര്‍ഷക്കാലം കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചു. 2016 മുതൽ അഞ്ച്​ വർഷം കണ്ണൂർ ഡി സി സി പ്രസിഡന്‍റായും പ്രവർത്തിച്ചു. തളിപ്പറമ്പ്​ അർബൻ ബാങ്ക്​ ജീവനക്കാരി റീനയാണ്​ ഭാര്യ. മക്കൾ: ജവഹർ (ബിരുദ വിദ്യാർഥി), സോണിയ (പ്ലസ്​ ടു വിദ്യാർഥി). സുരേശന്‍ (സെക്രട്ടറി, തളിപ്പറമ്പ്​ കാര്‍ഷിക വികസന ബാങ്ക്), സിന്ധു, സുധ എന്നിവരാണ് സഹോദരങ്ങള്‍.