മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

single-img
25 September 2022

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. ഹൃദ്രോഗത്തിന് പുറമേ സമീപകാലത്തായി അദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

ആര്യാടന്‍ ഉണ്ണീന്റെയും കദിയുമ്മയുടെയും മകനായി 1935-ല്‍ ആയിരുന്നു ജനനം. നിലമ്പൂര്‍ ഗവ. മാനവേദന്‍ ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ രംഗത്തെത്തുന്നത്. 1959-ല്‍ വണ്ടൂര്‍ ഫര്‍ക്ക കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും 1960-ല്‍ കോഴിക്കോട് ഡിസിസി സെക്രട്ടറിയുമായി. 1962-ല്‍ വണ്ടൂരില്‍നിന്നുള്ള കെപിസിസി അംഗമായി. പിന്നീട് മലപ്പുറം ജില്ല രൂപവത്കരിച്ചപ്പോള്‍ 1969-ല്‍ ഡിസിസി പ്രസിഡന്റായി. 1978 മുതല്‍ കെപിസിസി സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

എട്ട് തവണ നിലമ്പൂരില്‍നിന്നുള്ള എംഎല്‍എയായിരുന്നു ആര്യാടന്‍. 1980ല്‍ എ ഗ്രൂപ്പ് ഇടത് മുന്നണിയുടെ ഭാഗമായപ്പോള്‍ നായനാര്‍ മന്ത്രിസഭയില്‍ വനം-തൊഴില്‍ മന്ത്രിയായി. 1995-ല്‍ എകെ ആന്റണി മന്ത്രിസഭയില്‍ തൊഴില്‍ – ടൂറിസം വകുപ്പ് മന്ത്രിയായും 2011-ലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലെ വൈദ്യുതി മന്ത്രിയായും പ്രവർത്തിച്ചു.

ഭാര്യ: പി വി മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത്, കദീജ, ഡോ.റിയാസ് അലി. മരുമക്കൾ: ഡോ.ഹാഷിം ജാവേദ്, മുംതാസ് ബീഗം, ഡോ.ഉമ്മർ, സിമി ജലാൽ. സംസ്കാരം നാളെ രാവിലെ ഒൻപത് മണിയ്ക്ക് നിലമ്പൂരിൽ.