എകെജി സെന്റർ ആക്രമണം; കോൺഗ്രസിന്റെ കള്ള പ്രചാരണം ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
22 September 2022

എകെജി സെന്റർ ആക്രമിക്കപ്പെട്ട സംഭവത്തിലെ ക്രൈം ബ്രാഞ്ച് അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. സിപിഎം നേതൃത്വം തന്നെ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ് എകെജി സെന്റർ ആക്രമണം എന്നാണ് കോൺഗ്രസ്സും ബിജെപിയും പ്രചരിപ്പിച്ചത്. ഇ പി ജയരാജനെതിരെയും ഇത്തരത്തിൽ കള്ളപ്രചാരവേല നടന്നു. ഈ കള്ള പ്രചാരണം ഇപ്പോൾ ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടപ്പെട്ടിരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ്സ് നേതൃത്വത്തിന്റെ അറിവോടുകൂടി തന്നെയാണ് എകെജി സെന്റർ ആക്രമിക്കപ്പെട്ടത് എന്നാണ് ഇപ്പോൾ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം വ്യക്തമാക്കുന്നത്. ഈ ഗൂഢാലോചനയിൽ ഭാഗമായ എല്ലാവരെയും ജനങ്ങൾക്ക് മുൻപിലും നിയമത്തിന്റെ മുൻപിലും കൊണ്ടുവരണമെന്നും ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.

സിപിഎം പ്രവർത്തകരെ കൊലപ്പെടുത്തിയതിനു ശേഷം കൊന്നത് സിപിഐ എം ആണെന്ന പ്രചാരണം പോലും നടക്കുന്ന കാലമാണ്. മാധ്യമങ്ങളുടെ പിന്തുണയോടുകൂടി സിപിഎമ്മിനെ ആക്രമിക്കാൻ കെട്ടിച്ചമച്ച കഥകളെല്ലാം ഓരോന്നായി തകരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.