മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി സമഗ്രസമ്പൂര്‍ണ്ണ പദ്ധതി: കെ സി വേണുഗോപാല്‍

single-img
13 April 2024

“വളരെ മോശം സ്ഥിതി… കടലില്‍ പോയാല്‍ ഒന്നും കിട്ടാത്ത അവസ്ഥ. മണ്ണെണ്ണയ്ക്ക് പൊള്ളുന്ന വില, കാറ്റിലും കോളിലും പെട്ട് ഒരുപാട് നാശനഷ്ടങ്ങള്‍ ഉണ്ടായി.. പലരുടെയും കുടുംബം അനാഥമായി… ഇന്‍ഷൂറന്‍സില്ലാ.. ആനുകൂല്യങ്ങളില്ലാ… പലപ്പോഴും പട്ടിണിയിലാണ്… ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ ഇതിനൊക്കെ ഒരു മാറ്റം ഉണ്ടാകുമോ…?” ചേര്‍ത്തല കാറ്റാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളി അജീഷ് വെടിപൊട്ടിച്ചതു പോലെയാണ് ചോദ്യം ഉന്നയിച്ചത്.

” സംശയം വേണ്ടാ… എല്ലാത്തിനും മാറ്റം ഉണ്ടാകും…. കാരണം മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി സമ്പൂര്‍ണ്ണവും സമഗ്രവുമായ പദ്ധതിയാണ് ഇന്ത്യ മുന്നണി വിഭാവനം ചെയ്തിരിയ്ക്കുന്നത്….” ആലപ്പുഴ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.സി.വേണുഗോപാലിന്റെ ഉറച്ച ശബ്ദത്തിലുള്ള വാക്കുകള്‍ അജീഷിനെ മാത്രമല്ല, കൂടിയിരുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആകെ പുത്തനുണര്‍വ്വും ആവേശവും സമ്മാനിച്ചു.

ചേര്‍ത്തല കാറ്റാടി കടപ്പുറത്ത് സംഘടിപ്പിച്ച കെസിയും മത്സ്യത്തൊഴിലാളികളും ചേര്‍ന്നുള്ള സംവാദ പരിപാടിയിലാണ് മത്സ്യത്തൊഴിലാളികള്‍ മനസ്സ് തുറന്നത്. പെന്‍ഷന്‍ മുടങ്ങിയിട്ട് കാലങ്ങളായെന്നും ജീവിയ്ക്കാന്‍ നിവൃത്തിയില്ലാതായെന്നുമാണ് ചെത്തി സ്വദേശിനി 81 വയസ്സുള്ള എലിസബത്ത് പറഞ്ഞത്.

കടലില്‍ പോയാല്‍ അപകടങ്ങള്‍ പതിവാണെന്നും എയര്‍ ആംബുലന്‍സ് വേണമെന്നുള്ള ആവശ്യം ജിജോയും ഉന്നയിച്ചു. ബാങ്ക് വായ്പ്പകള്‍ ലഭിയ്ക്കാത്തതിന്റെയും മക്കളുടെ വിദ്യാഭ്യാസം പോലും വഴിമുട്ടി നില്‍ക്കുന്നതിന്റെയും ആകുലതകളാണ് ബെന്നി പങ്കുവെച്ചത്. കടലും തീരവും കോര്‍പ്പറേറ്റുകള്‍ കൊണ്ടു പോകുമോ എന്ന അതീവഗൗരവമായ ചോദ്യം ജാക്‌സണ്‍ പൊള്ളയില്‍ നിന്നും ഉയര്‍ന്നു.

മത്സ്യസംസ്‌ക്കരണ യൂണിറ്റില്‍ മീനില്ലാത്തതുകൊണ്ട് പണി ഇല്ലാതായ സങ്കടം കാരക്കാട്ട് അനിതാ ജോസിയും പങ്കുവെച്ചു.. അങ്ങിനെ, മത്സ്യത്തൊഴിലാളികള്‍ എല്ലാവര്‍ക്കും പറയാനുള്ള കാര്യങ്ങള്‍ കെസി ക്ഷമയോടെ കേട്ടു. ഇന്ത്യാ മുന്നണി അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്കായി നടപ്പിലാക്കുന്ന കാര്യങ്ങള്‍ കെസി വ്യക്തമാക്കി. രൂക്ഷമായ മണ്ണെണ്ണ ക്ഷാമം നേരിടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് മിതമായ നിരക്കില്‍ സബ്‌സിഡിയില്‍ തന്നെ ആവശ്യത്തിന് മണ്ണെണ്ണ ലഭ്യമാക്കും. മത്സ്യ സമ്പത്ത് കുറയുന്നത് ശാസ്ത്രീയമായി പഠിയ്ക്കാന്‍ കാലാവസ്ഥ നിരീക്ഷണ അതോറിറ്റി രൂപീകരിയ്ക്കും.

ഓരോ പ്രദേശത്തുമുള്ള കാലാവസ്ഥാ മാറ്റത്തെ കുറിച്ചും ഈ അതോറിറ്റി പഠിക്കും. പരിഹാര മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കും. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഇന്‍ഷൂറന്‍സ് പദ്ധതി രൂപീകരിയ്ക്കും. തീരദേശപരിപാലന നിയമം മത്സ്യത്തൊഴിലാളികള്‍ക്ക് അനുയോജ്യമായ രീതിയില്‍ പരിഷ്‌ക്കരിയ്ക്കും. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കും.

കടലില്‍ പോയി 12 വര്‍ഷമായിട്ടും കാണാതായ മത്സ്യബന്ധന തൊഴിലാളിയുടെ കുടുംബത്തിന് പോലും സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല, ഇതിന് മാറ്റം വരും. കടലില്‍ പോയി കാണാതായാല്‍ 2-3 മാസങ്ങള്‍ക്കുള്ളില്‍ കുടുംബത്തിന് തക്കതായ നഷ്ടപരിഹാരം ഇന്ത്യ മുന്നണി ഉറപ്പ് വരുത്തും. മത്സ്യതൊഴിലാളികള്‍ക്ക് വായ്പ എന്നത് ഇന്ന് കെണിയായി മാറിയിരിയ്ക്കുന്നു. അതിനു ബദലായി, മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ബാങ്കുകള്‍ സ്ഥാപിയ്ക്കും. വായ്പ്പ മാത്രമല്ല, മക്കളുടെ വിദ്യാഭ്യാസവും വിവാഹത്തിനും എല്ലാം ബാങ്കിനെ ആശ്രയിയ്ക്കാം.

മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ നിന്നും ഉയര്‍ന്ന വിദ്യാഭ്യാസവും ഐഎഎസ് പോലുള്ള ഉയര്‍ന്ന ജോലി ഉള്ളവരും ഉണ്ടാകണമെന്നും കെസി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ രണ്ട് മാസത്തെ പെന്‍ഷന്‍ അനുവദിച്ച എല്‍ഡിഎഫ് സര്‍ക്കാര്‍ വോട്ടു ചെയ്യാന്‍ കൈക്കൂലി നല്‍കുന്നത് പോലെ പെന്‍ഷന്‍ നല്‍കുകയാണെന്നും കെസി വിമര്‍ശിച്ചു. ലോട്ടറി എടുക്കുന്നത് പോലെയാണ് ഇന്ന് കടലില്‍ പോയാല്‍ മീന്‍ കിട്ടുന്നത്. കിട്ടിയാല്‍ കിട്ടി ഇല്ലെങ്കില്‍ ഇല്ല എന്ന നിലയാണ്… മത്സ്യത്തൊഴിലാളികളുടെയും തീരദേശവാസികളുടെയും ക്ഷേമത്തിന് എല്ലാതരത്തിലുമുള്ള പിന്തുണയും പ്രവര്‍ത്തനങ്ങളും ഉണ്ടാകും എന്ന ഉറപ്പും കെസി നല്‍കി.

കാറ്റാടി കടപ്പുറത്ത് എത്തിയ കെസി വേണുഗോപാലിനെ തൊപ്പിയും തുഴയുമായാണ് മത്സ്യത്തൊഴിലാളികള്‍ വരവേറ്റത്. സംവാദ പരിപാടിക്ക് ശേഷം മത്സ്യതൊഴിലാളികള്‍ക്ക് അപ്പവും മീന്‍ കറിയും വിളമ്പി നല്‍കിയും അവരോടൊപ്പം ഭക്ഷണം കഴിച്ചുമാണ് കെസി മടങ്ങിയത്.