വീട്ടുമുറ്റത്ത് വീണ് പരുക്കേറ്റതിന് അജ്ഞാതര്‍ ആക്രമിച്ചെന്നു പരാതി നൽകി; കള്ളം പൊളിച്ചടുക്കി സി സി ടി വി

single-img
18 November 2022

പാലക്കാട്; വീട്ടുമുറ്റത്ത് വീണ് പരുക്കേറ്റതിന് അജ്ഞാതര്‍ ആക്രമിച്ചതാണെന്ന് പരാതി നല്‍കി സിപിഎം അംഗം.

മണ്ണാര്‍ക്കാട് സിപിഎം അംഗവും, വ്യാപാരി വ്യവസായി സമിതി ഏരിയാ സെക്രട്ടറിയുമായ പളളത്ത് അബ്ദുല്‍ അമീര്‍ ആണ് കള്ളപ്പരാതി നല്‍കിയത്. എന്നാല്‍ അയല്‍വാസിയുടെ വീട്ടിലെ സിസിടിവിയില്‍ കള്ളം പൊളിയുകയായിരുന്നു.

വീണ് പരിക്കേറ്റെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസമാണ് അബ്ദുല്‍ അമീര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. എന്നാല്‍ മൂന്നുപേര്‍ ആയുധങ്ങളുമായി എത്തി, മര്‍ദിച്ചു എന്നാണ് പൊലീസിനോട് പറഞ്ഞത്. രാത്രി ആയതിനാല്‍ ആരേയും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നും അമീര്‍ പറഞ്ഞിരുന്നു. തുടര്‍ന്നാണ് അന്വേഷണത്തിനായി പൊലീസ് വീട്ടില്‍ എത്തിയത്.

അല്‍വീട്ടില്‍ സിസിടിവിയുണ്ട് എന്ന് മനസിലാക്കിയ പൊലീസ് ദൃശ്യങ്ങള്‍ പരിശോധിക്കുകയായിരുന്നു. രാത്രി വാതില്‍ തുറന്ന് ഇറങ്ങിയ അമീര്‍ തനിയെ വീഴുന്നതായാണ് ദൃശ്യത്തിലുള്ളത്. മൊഴി വ്യാജമാണെന്ന് വ്യക്തമായതോടെ പൊലീസ് കേസ് അവസാനിപ്പിച്ചു. പി.കെ.ശശി വിഭാഗത്തിന് ഒപ്പം ചേര്‍ന്നു നില്‍ക്കുന്ന അമീര്‍ , മറുവിഭാഗത്തിലുള്ളവരെ പഴിചാരാന്‍ വേണ്ടിയാണ് ഇല്ലാക്കഥ മെനഞ്ഞത് എന്നും ആരോപണമുണ്ട്.