ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം

single-img
7 February 2023

കൊച്ചി: ഇന്ധന സെസ് കുറയ്ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും ജില്ലാ കേന്ദ്രങ്ങളിലേക്കും കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം.

പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പലയിടത്തും പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറിഞ്ഞു.

സെക്രട്ടേറിയറ്റ് മാര്‍ച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. പിണറായി സര്‍ക്കാരിന്റെ സമനില തെറ്റിയിരിക്കുകയാണെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇത്രയും നികുതി കൂട്ടിയാല്‍ ഇത്രയും നികുതി കിട്ടാന്‍ പോകുന്നുണ്ടോ?. കിട്ടൂലാ, ആവശ്യമില്ലാത്ത നികുതി കൂട്ടിയാല്‍ നികുതി വെട്ടിക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. എന്തുചോദിച്ചാലും കേന്ദ്രം നല്‍കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. നികുതി വരുമാനം സംസ്ഥാനത്ത ഇല്ല. രണ്ട് സംസ്ഥാനം മാത്രമാണ് കേരളത്തിലെ നികുതി വരുമാനം. ശരിക്കും നികുതി പിരിച്ചാല്‍ സ്വര്‍ണത്തില്‍ നിന്നുമാത്രം പതിനായിരം കോടി കിട്ടും. 343 കോടി മാത്രമാണ് കിട്ടിയത്. സ്വര്‍ണം മുഴുവന്‍ കള്ളക്കച്ചവടമാണ്. 70,000 കോടി രൂപയാണ് സംസ്ഥാനത്ത് നികുതി കുടിശികയെന്നും കോണ്‍ഗ്രസാണ് ഭരിച്ചതെങ്കില്‍ സാധാരണക്കാരുടെ മേല്‍ അധിക നികുതി ഭാരം അടിച്ചേല്‍പ്പിക്കാതെ കുടിശ്ശിക പകുതിയെങ്കിലും പിരിച്ചെടുക്കുമായിരുന്നെന്ന് സതീശന്‍ പറഞ്ഞു

എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ കല്ലെറഞ്ഞു. എറണാകുളം മഹാരാജാസ് കോളജിന് സമീപത്തുവച്ച്‌ പൊലീസ് ബാരിക്കേഡ് വച്ച്‌ പ്രവര്‍ത്തകരെ തടഞ്ഞു. പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതോടെയാണ് പൊലീസ് ടിയര്‍ ഗ്യാസും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചത്.

തൃശൂരിലും കോട്ടയത്തും പൊലീസിന് നേരെ കല്ലേറുണ്ടായി.തൃശൂരില്‍ ഡിസിസി പ്രസിഡന്റ് ഉള്‍പ്പടെയുള്ള പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. കോട്ടയത്ത് ഡിസിസി പ്രസിഡന്റിന് പൊലീസ് മര്‍ദനത്തില്‍ പരിക്കേറ്റു. പൊലീസ് കല്ലെറിഞ്ഞെന്ന് നാട്ടകം സുരേഷ് പറഞ്ഞു. പത്തനംതിട്ടയിലും കൊല്ലത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി.