വയോധികന്റെ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത് 1000 രൂപയ്ക്ക് വാങ്ങിയ ചൈനീസ് ഫോൺ

single-img
18 May 2023

തൃശൂരിൽ ചായക്കടയിൽ വയോധികന്റെ പോക്കറ്റിലിരുന്ന് പൊട്ടിത്തെറിച്ചത് ചൈനീസ് മൊബൈൽ കമ്പനിയായ ഐ ടെൽ കമ്പനിയുടെ ഫോൺ. ജില്ലയിലെ മരോട്ടിച്ചാൽ സ്വദേശി ഏലിയാസിന്റെ ഫോണാണ് ചായ കുടിക്കാനിരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചത്.

ഫോൺ പൊട്ടിത്തെറിച്ച് വസ്ത്രത്തിൽ തീ ആളിപ്പടർന്നിരുന്നു. ഒരു വർഷം മുൻപ് ആയിരം രൂപയ്ക്ക് വാങ്ങിയതാണ് മൊബൈൽ ഫോൺ. അതേസമയം, ഫോണിന് വാറന്റിയില്ലായിരുന്നുവെന്നാണ് വിവരം. മരോട്ടിച്ചാലിൽ ഇന്നുരാവിലെ പത്തുമണിയോടെയായിരുന്നു സംഭവം.

ഹോട്ടലിൽ ചായ കുടിക്കാൻ ഇരിക്കെ ഷർട്ടിന്റെ പോക്കറ്റിലിരുന്ന ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. തീ ആളിപ്പടർന്നെങ്കിലും ഫോൺ പെട്ടെന്ന് പുറത്തെടുക്കുകയും വസ്ത്രത്തിലെ തീ പെട്ടെന്ന് അണയ്ക്കാനുമായതിനാൽ വലിയ പൊള്ളലേൽക്കാതെ ഏലിയാസ് രക്ഷപ്പെട്ടു. എന്നാൽ ഫോൺ പൂർണമായും കത്തിനശിച്ചിട്ടുണ്ട്.