ദേശീയ അധ്യാപക ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി 

single-img
5 September 2022

തിരുവനന്തപുരം: ദേശീയ അധ്യാപക ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെ പങ്കുവച്ച പോസ്റ്റില്‍ വിദ്യാഭ്യാസ മേഖലയില്‍ അധ്യാപകര്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും സര്‍ക്കാര്‍ നല്‍കുന്ന മുന്‍തൂക്കത്തെ കുറിച്ചും പരാമര്‍ശിക്കുന്നു.

കേരളം കൈവരിച്ച സാമൂഹിക പുരോഗതിക്ക് പിന്നില്‍ അധ്യാപകരുടെ സംഭാവനകളുണ്ട്. നമ്മുടെ വിദ്യാഭ്യാസ മേഖല വലിയ മുന്നേറ്റങ്ങളുണ്ടാക്കിയത് അധ്യാപകരുടെ നിസ്വാര്‍ത്ഥ സേവനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ്. കേരളത്തെ വിജ്ഞാന സമ്ബദ്‌വ്യവസ്ഥയാക്കി വാര്‍ത്തെടുക്കുന്നതിനായി ശ്രമിക്കുന്ന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്’, മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

‘ഈ സര്‍ക്കാര്‍ കാലയളവില്‍ നമ്മുടെ വിദ്യാഭ്യാസ മേഖലയിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച നേടിയത് അധ്യാപകരുടെ സേവനത്തിന്റെ പിന്‍ബലത്തിലാണ്. കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിബന്ധങ്ങളെ മറികടന്നും നമുക്ക് മുന്നേറാനായി. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാനും ഇത് വഴിവെച്ചു.’

‘അധ്യാപകരുടെ ഈ മഹത്തായ സേവനത്തെ ഓര്‍മ്മിക്കാനും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ മികവുറ്റതാക്കാന്‍ അവരെ എങ്ങനെ ഉപയോഗപ്പെടുത്താമെന്ന ക്രിയാത്മക ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരാനും ഈ ദിവസം പ്രചോദനമാകട്ടെ. കേരള സമൂഹത്തിന്റെ പുരോഗതിക്കായി പ്രയത്‌നിക്കുന്ന എല്ലാ അധ്യാപകര്‍ക്കും അഭിവാദ്യങ്ങള്‍. മികവിന്റെ കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാന്‍ നമുക്കൊരുമിച്ചു മുന്നേറാം. ഈ അധ്യാപക ദിനം അതിനുള്ള ശക്തി പകരട്ടെ’, മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.