തമിഴ്‌നാട്ടിൽ വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ് വൻ വിജയം കരസ്ഥമാക്കി

തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയ് വൻ വിജയം കരസ്ഥമാക്കി. നടൻ വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) അവതരിപ്പിച്ച വിശ്വാസ പ്രമേയം 144 വോട്ടുകൾ നേടിയാണ് പാസ്സായത്. ഡിഎംകെ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയതോടെ വിജയിയുടെ വിജയം അനായാസമായി മാറി.
ടിവികെയെ പിന്തുണച്ച് കോൺഗ്രസ്, വിസികെ, ഇടതുപക്ഷ പാർട്ടികൾ എന്നിവർ വോട്ട് രേഖപ്പെടുത്തി. ഭരണപക്ഷത്തിന് 144 വോട്ടുകൾ ലഭിച്ചപ്പോൾ 22 പേർ മാത്രമാണ് പ്രമേയത്തെ എതിർത്തത്. വോട്ടെടുപ്പിൽ നിന്ന് അഞ്ച് എംഎൽഎമാർ വിട്ടുനിന്നു.പ്രതിപക്ഷമായ ഡിഎംകെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ സഭ ബഹിഷ്കരിച്ചു. ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ എംഎൽഎമാർ സഭയ്ക്ക് പുറത്തേക്ക് പോയി. വിജയിയുടെ സർക്കാരിന് ജനവിധിയില്ലെന്നും സഖ്യങ്ങൾ വഴിയാണ് ഭരണം പിടിച്ചതെന്നും ഉദയനിധി വിമർശിച്ചു.
അതേസമയം എഐഎഡിഎംകെയിൽ വൻ വിള്ളൽ പ്രകടമാക്കുന്നതായിരുന്നു വോട്ടെടുപ്പ്. പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി (ഇപിഎസ്) പ്രമേയത്തെ എതിർക്കാൻ നിർദ്ദേശം നൽകിയിരുന്നു. എന്നാൽ എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വിമത എംഎൽഎമാർ വിജയിക്ക് അനുകൂലമായി നിലകൊണ്ടു.വിജയിയുടെ വിജയം ഉറപ്പാക്കുന്നതിൽ എഐഎഡിഎംകെയിലെ വിമതരുടെ നീക്കം നിർണ്ണായകമായി. 30 എംഎൽഎമാർ തങ്ങൾക്കൊപ്പമുണ്ടെന്ന് വിമതർ അവകാശപ്പെട്ടു. ഇപിഎസ് വിഭാഗം പാർട്ടിയുടെ വിപ്പ് ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വിജയ് നേരിട്ട ആദ്യത്തെ വലിയ പരീക്ഷണമായിരുന്നു ഈ വിശ്വാസ വോട്ടെടുപ്പ്. സഭയിൽ ഭൂരിപക്ഷം തെളിയിച്ചതോടെ വിജയിയുടെ സർക്കാരിന് ഇനി അഞ്ചുവർഷം സുരക്ഷിതമായി മുന്നോട്ട് പോകാൻ സാധിക്കും. കോൺഗ്രസിന്റെ അഞ്ച് എംഎൽഎമാരും വിജയിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.


